photo

 ഒരാഴ്ച പിന്നിട്ടിട്ടും തുമ്പില്ലാതെ പൊലീസ്

കൊല്ലം: സ്വകാര്യ പറമ്പിലെ കരിയിലകൾക്കിടയിൽ നിന്ന് ലഭിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും കുഞ്ഞിന്റെ അമ്മ ആരെന്ന് കണ്ടെത്താനായില്ല. ചാത്തന്നൂർ കല്ലുവാതുക്കൽ കുരിശുംമൂട് ഊഴായ്ക്കോട് പേഴുവിള വീട്ടിൽ ശശിധരന്റെ വീട്ടുപറമ്പിൽ നിന്നാണ് കഴഇഞ്ഞ 5ന് പുലർച്ചെ നവജാത ശിശുവിനെ കണ്ടെത്തിയത്.

പ്രസവിച്ച് മണിക്കൂറുകൾക്കകം ഉപേക്ഷിച്ച കുഞ്ഞിന്റെ പുക്കിൾക്കൊടിപോലും വേർപെടുത്തിയിരുന്നില്ല. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുഞ്ഞ് മുലപ്പാൽ കുടിച്ചിട്ടില്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

കരിയിലകളുടെ അംശം കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയതായിട്ടാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ വെളിപ്പെടുത്തിയത്. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി. എന്നാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ഫോൺ നമ്പരുകൾ ആ സമയങ്ങളിൽ ടവർ ലൊക്കേഷനിൽ കാണിച്ചിട്ടുള്ളതിനാൽ ഇതിൽ വ്യക്തതയുണ്ടാക്കാനായിട്ടില്ല.

ക്ളസ്റ്റർ തിരിച്ച് എല്ലാ വീടുകളിലുമുള്ളവരുടെ മൊഴി രേഖപ്പെടുത്താനും വിശദമായ അന്വേഷണത്തിനും നിർദ്ദേശം നൽകിയതായി ചാത്തന്നൂർ എ.സി.പി ഷൈനു തോമസ് പറഞ്ഞു. പത്രം, പാൽ വിതരണക്കാരെയും ചോദ്യം ചെയ്യുമെന്ന് എ.സി.പി അറിയിച്ചു.