കുണ്ടറ: അടൂരിൽ നിന്ന് ഡിസംബർ 31ന് കാണാതായ മുളവന സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കോയമ്പത്തൂർ സിംഗനല്ലൂരിൽ നിന്ന് കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. മുളവന പള്ളിയറ പുത്തൻവീട്ടിൽ രാജു ജോണിന്റെ മകൻ റിനോ രാജുവിനെയാണ് (15) കണ്ടെത്തിയത്.
സമൂഹമാദ്ധ്യമങ്ങളിൽ കുട്ടിയെ കാണാനില്ലെന്ന ഫോട്ടോ കണ്ട കോയമ്പത്തൂർ സിംഗനല്ലൂർ സ്വദേശി ഹസനാണ് ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ സമീപത്തെ ബേക്കറിയിൽ കണ്ട കുട്ടിയെ തിരച്ചറിഞ്ഞത്. ബേക്കറി ഉടമയെ രഹസ്യമായി വിവരം അറിയിച്ച ശേഷം സോഷ്യൽ മീഡിയയിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് മുളവന വാർഡ് അംഗം സുരേഷ് കുമാർ ബന്ധുക്കളെ വിവരം അറിയിച്ചു. ഹസൻ കുട്ടിയുടെ ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് അത് റിനോയാണെന്ന് ഉറപ്പ് വരുത്തി. തുടർന്ന് സുരേഷ് കുമാർ സിംഗനല്ലൂർ പൊലീസുമായി ബന്ധപ്പെട്ടു.
അടൂർ പൊലീസും റിനോയെ തിരിച്ചറിഞ്ഞതോടെ സിംഗനല്ലൂർ പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റിനോയെ പൊലീസിന് കൈമാറുന്നതുവരെ ഹസനും ഒപ്പമുണ്ടായിരുന്നു. ഹസന്റെ ഫോൺ വഴിയാണ് റിനോയുമായി മാതാപിതാക്കൾ സംസാരിച്ചത്. അടൂർ പൊലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് റിനോയുമായി നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
രക്ഷകൻ്റെ വഴിയിൽ ഹസൻ
ജന്മം കൊണ്ട് മലയാളിയും കോയമ്പത്തൂർ സ്വദേശിയുമായ ഹസനാണ് റിനോയുടെ തിരിച്ചുവരവിന് വഴിത്തിരിവായത്. ഹസൻ ജനിച്ചതും അഞ്ചുവയസുവരെ വളർന്നതും കേരളത്തിലായിരുന്നു. ഹസന്റെ അച്ഛൻ ഒറ്റപ്പാലം സ്വദേശിയും അമ്മ കുന്നംകുളം സ്വദേശിയുമാണ്. അഞ്ചുവയസുള്ളപ്പോഴാണ് കോയമ്പത്തൂരിലെത്തുന്നത്. സിംഗനല്ലൂർ ഹോം അപ്ലെയ്ൻസസ് ഷോപ്പിൽ സെയിൽസ്‌മാനായി ജോലി നോക്കുന്ന ഹസൻ ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഹസന്റെ കുടുംബം.