palam
പൊ​ളി​ച്ചു​നീ​ക്കു​ന്ന​ ​കൊ​ല്ലം​ ​തോ​ടി​ന് ​കു​റു​കെ​യു​ള്ള​ ​മു​ണ്ട​യ്ക്ക​ൽ​ ​പാ​ലം

 നിർമ്മിക്കുന്നത് മുണ്ടയ്ക്കലിൽ

കൊല്ലം: കൊല്ലം തോട് വഴിയുള്ള ഗതാഗതം സുഗമമാക്കാൻ മുണ്ടയ്ക്കലിൽ നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നു. നിലവിലുള്ള ഒറ്റവരി പാലത്തിന് പകരം രണ്ടുവരി പാലമാണ് പുതുതായി നിർമ്മിക്കുക. പുതിയ പാലത്തിന് അഞ്ചരക്കോടിയുടെ ഭരണാനുമതിയായി.

കൊല്ലം തോട് നവീകരണം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും. അപ്പോൾ ഇതുവഴി വിനോദ സർവീസിന് പുറമേ വലിയ യാനങ്ങളിൽ ചരക്ക് നീക്കമാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷെ പഴയ കല്ലുപാലവും മുണ്ടയ്ക്കൽ പാലവും ഇതിന് തടസമാണ്. വീതിയും ഉയരവും കുറഞ്ഞ ഈ പാലങ്ങൾക്കിടയിലൂടെ വലിയ യാനങ്ങൾക്ക് കടന്നുപോകാനാകില്ല. ഈ പരിമിതി മറികടക്കാനാണ് കല്ലുപാലം പൊളിച്ച് പുതിയ പാലം നിർമ്മാണം ആരംഭിച്ചത്. മുണ്ടയ്ക്കലിൽ പുതിയ പാലം വരുന്നതോടെ രണ്ടാമത്തെ തടസവും മാറും.

മുണ്ടയ്ക്കൽ പാലം സ്ഥിതി ചെയ്യുന്നിടത്ത് തോടിന് ഇപ്പോൾ 14.5 മീറ്റർ വീതിയേ ഉള്ളൂ. ഉയരം നാല് മീറ്റർ മാത്രമാണ്. തോടിന് 19 മീറ്റർ വീതി ലഭിക്കുന്നതിന് പുറമേ പരമാവധി ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിൽ പുതിയ പാലം നിർമ്മിക്കാനാണ് ആലോചന. ഇപ്പോഴത്തെ സിംഗിൾ ലൈൻ പാലത്തിന് കഷ്ടിച്ച് മൂന്നര മീറ്റർ വീതിയേയുള്ളു. 11 മീറ്റർ വീതിയിലാകും പുതിയ പാലം. 7.5 മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ രണ്ടുവരി പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും ലക്ഷ്യമിടുന്നുണ്ട്. അപ്രോച്ച് റോഡിനായി കാര്യമായ സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ.

''

പാലം നി‌ർമ്മാണത്തിന്റെ പരിശോധനയും പഠനവും നടത്തി വിശദ രൂപരേഖ ഉടൻ തയ്യാറാക്കും. ഇതിന് ശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

നന്ദു പ്രസാദ്,

അസി. എൻജിനിയർ

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം

 നിലവിലെ പാലത്തിന്റെ വീതി: 3.5 മീറ്റർ

 പുതിയ പാലത്തിന്റെ വീതി: 11.5 മീറ്റർ

 പദ്ധതി തുക: 5.5 കോടി