കൊല്ലം: പെരുമൺ- പേഴുതുരുത്ത്, കണ്ണങ്കാട്ട് കടവ് പാലങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ മൺറോതുരുത്ത് വഴി കുതിക്കാൻ കാത്തുനിൽക്കുന്നത് പതിനായിരങ്ങളാണ്. പക്ഷെ രണ്ട് നിർദ്ദിഷ്ട പാലങ്ങൾക്കും ഇടയിൽ ഇപ്പോഴുള്ളത് കഷ്ടിച്ച് നാല് മീറ്റർ മാത്രം വീതിയുള്ള റോഡാണ്. ഈ റോഡ് പത്ത് മീറ്ററായെങ്കിലും വികസിപ്പിച്ചാലെ കോടികൾ മുടക്കി രണ്ട് പാലങ്ങൾ നിർമ്മിക്കുന്നതിന്റെ നേട്ടം നാടിന് ലഭിക്കൂ.
പേഴുംതുരുത്ത് മുതൽ കണ്ണങ്കാട്ട് കടവ് വരെയുള്ള റോഡിന് കഷ്ടിച്ച് മൂന്ന് കിലോമീറ്റർ നീളമേയുള്ളു. പക്ഷെ ഇതിനിടയിൽ കൊടുംവളവുകൾ അനവധിയാണ്. ഒരു ബസ് വന്നാൽ മറുവശത്ത് നിന്ന് വരുന്ന ഇരുചക്ര വാഹനത്തിന് പോലും കടന്നുപോകാനാകില്ല. രണ്ട് പാലങ്ങൾ വഴിയും സുഗമമായി കടന്നുവരുന്ന വാഹനങ്ങൾ മൺറോത്തുരുത്തിലെ ചെറുറോഡിൽ കിടന്ന് കുരുങ്ങി മുറുകും. ഇപ്പോഴുള്ള റോഡിനായി പ്രദേശവാസികൾ സൗജന്യമായി ഭൂമി വിട്ടുനൽകിയതാണ്. ഇപ്പോഴേ നടപടികൾ തുടങ്ങിയാൽ കണ്ണങ്കാട്ട് കടവ് പാലം പൂർത്തിയാകുമ്പോൾ ഹൈടെക്ക് റോഡും പൂർത്തിയാകും. വളവുകൾ പരമാവധി ഒഴിവാക്കി റോഡ് വികസിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
''
മൺറോത്തുരുത്തിലേയ്ക്കുള്ള രണ്ട് പാലങ്ങളും ഇവയെ ബന്ധിപ്പിച്ചുള്ള റോഡും നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ്. ഈ സ്വപ്നവുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ കാട്ടുംതലയ്ക്കൽ ഗോപി അടക്കം പലരും മൺമറഞ്ഞു. രണ്ടു പാലങ്ങളും റോഡും വന്നാൽ മൺറോത്തുരുത്താകെ മാറും. മൂന്ന് ദേശീയപാതകളിലേക്കും മൺറോത്തുരുത്തിൽ നിന്ന് വഴിതുറക്കും. പ്രാണൻ നിലനിറുത്താനുള്ള പരക്കംപാച്ചിലുകൾ വഴിയിൽ മുടങ്ങില്ല. കൂടുതൽ ടൂറിസ്റ്റുകളുമെത്തും.
അഡ്വ. ബി. ശിവപ്രസാദ്
മൺറോത്തുരുത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ്