പുനലൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളും മരുന്നും തീറ്റയും നൽകുന്ന ജീവനം, ജീവധനം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 16ന് രാവിലെ 9.30ന് മന്ത്രി കെ.രാജു നിർവഹിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ്, പ്രഥമാദ്ധ്യാപിക സുജ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് കാലയളവിൽ കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചത്. നാഷണൽ സർവീസ് സ്കീമും കേരള വെറ്ററിനറി വകുപ്പും പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ സജിത് ബാബു മുഖ്യാതിഥിയാകും. പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ വി.പി. ഉണ്ണിക്കൃഷ്ണൻ, നഗരസഭാ പാർലമെന്റി പാർട്ടി ലീഡർ ഡി. ദിനേശൻ, കേരള വെറ്ററിനറി സർവകലാശാലാ എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഡോ. രാജീവ്, വാർഡ് കൗൺസിലർ നാസില ഷാജി, പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എൻ. കോമളകുമാർ, പ്രഥമാദ്ധ്യാപിക എം. സുജ, എൻ.എസ്.എസ് റീജിയണൽ കോ-ഓഡിനേറ്റർ എസ്.വി. ബിജു, ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.ആനന്ദ്, പി.ടി.എ വൈസ് പ്രസിഡന്റ് ദീപു തുടങ്ങിയവർ സംസാരിക്കും. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ. വിനോദ് ജോൺ റിപ്പോർട്ടും എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ പി. രഞ്ജിത്ത് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് നന്ദിയും വി.എച്ച്.എസ്.ഇ കൊല്ലം മേഖലാ അസി.ഡയറക്ടർ ഒ.എസ്. ചിത്ര അവാർഡ് വിതരണവും നടത്തും. എൻ.എസ്.എസ് പ്രേഗ്രാം ഓഫീസർ പി.പി. ശ്രീകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ദീപു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.