തീയേറ്ററുകളിൽ വൻ തിരക്ക്
കൊല്ലം: ആവേശാരവങ്ങളോടെ ജില്ലയിലെ തീയേറ്ററുകൾ തുറന്നു. 308 ദിവസം അടഞ്ഞുകിടന്ന തീയേറ്ററുകളിൽ വിജയ് ചിത്രമായ മാസ്റ്റർ റിലീസ് ചെയ്താണ് പ്രദർശനം തുടങ്ങിയത്. മിക്കയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയും ആരതിയുഴിഞ്ഞുമാണ് തീയേറ്റർ തുറന്നത്.
കൊവിഡ് മാനദണ്ഡമനുസരിച്ച് ഒന്നിടവിട്ട സീറ്റുകളിലാണ് കാഴ്ചക്കാരെ പ്രവേശിപ്പിച്ചത്. തീയേറ്ററുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനുമെല്ലാം വിജയ് ഫാൻസ് പ്രവർത്തകരും ജീവനക്കാർക്കൊപ്പം കൂടിയിരുന്നു.
ഗ്രാമീണമേഖലയിലെ തീയേറ്ററുകൾ മിക്കതും തുറന്നെങ്കിലും നഗരത്തിൽ നാലെണ്ണം മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. അഞ്ചൽ വർഷ, കരുനാഗപ്പള്ളി തരംഗം, കൃഷ്ണ, കൊട്ടാരക്കര മിനർവ, പുത്തൂർ ചെല്ലം, ഓയൂർ എൻ.വി.പി, കടയ്ക്കൽ ശ്രീലക്ഷ്മി, പുനലൂർ തായ്‌ലക്ഷ്മി, റാംരാജ്, പത്തനാപുരം സീമാസ്, പരവൂർ അശോക്, എൽ.എം സിനിമാസ് എന്നീ തീയേറ്ററുകൾ ഇന്നലെ പ്രവർത്തനം ആരംഭിച്ചു.
നഗരത്തിലെ പത്തോളം വരുന്ന തീയേറ്ററുകളിൽ പാർത്ഥ, സാരഥി, ധന്യ, ഉഷ എന്നിവ മാത്രമാണ് തുറന്നത്.
കാർണിവൽ സിനിമാസിന്റെ തീയേറ്ററുകളിൽ ഒന്നുപോലും പ്രവർത്തിച്ചില്ല. വിതരണക്കാർക്ക് കുടിശികയുള്ളതിനാലാണ് പ്രവർത്തനം തുടങ്ങാൻ കഴിയാതിരുന്നത്. കാർണിവൽ സിനിമാസിന് ജില്ലയിൽ നാലോളം കേന്ദ്രങ്ങളിലായി പത്ത് സ്‌ക്രീനുകളാണുള്ളത്. ബിഷപ്പ് ജെറോം നഗറിലെ ജി മാക്സ് തീയേറ്ററും തുറന്നില്ല. രമ്യ തീയേറ്റർ ഇന്നലെ പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രൊജക്ടർ പണിമുടക്കിയതുമൂലം സാധിച്ചില്ല. അറ്റകുറ്റുപ്പണികൾ പൂർത്തിയാക്കി വിഷുവിന് മാത്രമേ പ്രണവം തീയേറ്റർ തുറക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ സിനിമകൾ റിലീസാകുന്നതോടെ മറ്റ് തീയേറ്ററുകൾ കൂടി തുറക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.