നിർമ്മാണം നാൽപ്പത് വർഷം മുമ്പ്
കരുനാഗപ്പള്ളി: കായൽത്തീരങ്ങളുടെ സംരക്ഷണത്തിനായി നാലു പതിറ്റാണ്ട് മുമ്പ് നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നുവീഴുന്നു. ആയിരംതെങ്ങ് മുതൽ തുറയിൽക്കടവ് വരെ നിർമ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിയാണ് കാലപ്പഴക്കത്തിൽ ബലക്ഷയം സംഭവിച്ച് തകർന്നുവീഴുന്നത്. സംരക്ഷണഭിത്തി തകർന്നുവീഴുന്ന ഭാഗങ്ങളിൽ കരയിടിയുന്നുണ്ട്. ഇത് തടയുന്നതിനായി നാട്ടുകാർ മണ്ണും ചെളിയും ഉപയോഗിച്ച് ബണ്ടുകൾ ഒരുക്കുന്നുണ്ടെങ്കിലും പൂർണതോതിൽ ഫലവത്താകുന്നില്ല.
പത്ത് കിലോമീറ്ററോളം നീളത്തിലാണ് കായലിന് സമാന്തരമായി സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. തിരത്തെ ജലനിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ പാറകൾ അടുക്കി ഇതിനുമീതെ കോൺക്രീറ്റ് ചെയ്താണ് ഭിത്തി ബലപ്പെടുത്തിയിട്ടുള്ളത്. നാൽപ്പത് വർഷത്തിനിടെ തുറയിൽക്കടവ് ഭാഗത്ത് മാത്രമാണ് സംരക്ഷണഭിത്തിയിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളത്. കാലാകാലങ്ങളിൽ അറ്റുകുറ്രപ്പണികൾ ചെയ്തിരുന്നെങ്കിൽ ഭിത്തിയെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാമായിരുന്നു. എന്നാൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇതിനുവേണ്ട നടപടികളുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വിനയാകുന്നത് ബോട്ടുകളുടെ അമിതവേഗത
മത്സ്യബന്ധനത്തിനായി കായകുളം തുറമുഖത്തേക്ക് അമിതവേഗതയിൽ ബോട്ടുകളും വള്ളങ്ങളും പോകുമ്പോഴുണ്ടാകുന്ന തിരയിളക്കമാണ് സംരക്ഷണഭിത്തിക്ക് ഭീഷണിയാകുന്നത്. യാത്രാക്കടവുകളുള്ള കായലിലൂടെ മത്സ്യബന്ധന യാനങ്ങൾ അമിതവേഗതയിൽ പോകരുതെന്ന നിയമമുണ്ടെങ്കിലും ആരും പാലിക്കാറില്ല. നിരന്തരമായി ഉണ്ടാകുന്ന വേലിയേറ്റവും സംരക്ഷണഭിത്തിക്ക് ക്ഷതം ഏൽപ്പിക്കുന്നുണ്ട്.
കൈയേറ്റക്കാർ മുതലെടുക്കുന്നു
സംരക്ഷണ ഭിത്തി തകർന്നുവീഴുന്നത് കൈയേറ്റക്കാർക്ക് അനുഗ്രഹമാകുന്നുണ്ട്. വള്ളിക്കാവിന് വടക്കുവശവും പള്ളിക്കടവിന് സമീപവും സ്വകാര്യവ്യക്തികൾ വ്യാപകതോതിൽ കായൽ കൈയേറിയിട്ടുണ്ട്. ഇതിനെതിരെ നിരവധി തവണ റവന്യൂ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ദേശീയ ജലപാതയുടെ പ്രസക്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൈയേറ്റ സ്ഥലങ്ങൾ അളന്ന് തിട്ടപ്പെടുത്തി കരിങ്കൽ ഭിത്തി നിർമ്മിച്ച് തീരം സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.