hump
കഴുതുരുട്ടി റെയിൽവേ അടിപ്പാതയ്ക്ക് മുന്നിലെ ഹമ്പ്

 അശാസ്ത്രീയമെന്ന് ആരോപണം

തെന്മല: കഴുതുരുട്ടി റെയിൽവേ അടിപ്പാതയ്ക്ക് മുന്നിൽ അശാസ്ത്രീയമായി നിർമ്മിച്ച ഹമ്പ് അപകടക്കെണിയാകുന്നു. അച്ചൻകോവിലേയ്ക്ക് പോകുന്ന റോഡിന്റെ തുടക്കത്തിലായി അടിപ്പാതയിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാനായി നിർമ്മിച്ച ഹമ്പാണ് യാത്രക്കാർക്ക് വിനയാകുന്നത്. ഇറക്കമിറങ്ങി വരുന്ന ഇരുചക്ര വാഹനങ്ങൾ ഹമ്പിൽ കയറുന്നതോടെ മറിഞ്ഞുവീഴുന്നത് ഇവിടെ നിത്യകാഴ്ചയാണ്.

ആര്യങ്കാവ് പഞ്ചായത്ത് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഈ റോഡിലൂടെ ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസവും അപകടമുണ്ടായതോടെ യാത്രക്കാരും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. നിർമ്മാണ വേളയിൽത്തന്നെ ഹമ്പ് അശാസ്ത്രീയമാണെന്ന ആരോപണം ഉയർന്നെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്ന ആക്ഷേപമുണ്ട്.

 അനധികൃത പാർക്കിംഗും; വെള്ളക്കെട്ട് മൂലമെന്ന് ആക്ഷേപം

രണ്ട് വശത്തുകൂടെയും വാഹങ്ങൾക്ക് കടന്നുപോകാവുന്ന അടിപ്പാതയുടെ ഒരുവശത്ത് ഇപ്പോൾ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതായി പരാതിയുണ്ട്. ഇതുമൂലം ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒരുവശത്തുകൂടി മാത്രം കടന്നുപോകേണ്ട അവസ്ഥയാണ്. പലപ്പോഴും വാഹനയാത്രക്കാർ തമ്മിലുള്ള സംഘർഷത്തിനും ഇത് ഇടയാക്കുന്നു. അതേസമയം, അടിപ്പാതയുടെ ഒരുവശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞു വെള്ളം കെട്ടിനിൽക്കുന്നതിനാലാണ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഈ ഭാഗത്തെ റോഡ് പുനർനിർമ്മിക്കണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്.