കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് നിയോഗിച്ച വിദഗ്ദ്ധസമിതിയെ തെറ്റിദ്ധരിപ്പിക്കാൻ നീക്കമെന്ന് ആരോപണം. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനായ സമിതി ലോഗോ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് യൂണിവേഴ്‌സിറ്റി അറിയിച്ചത്. പൊതു ജനങ്ങൾക്ക് അഭിപ്രായമറിയിക്കാൻ samithi.sreenarayanaguruou@gmail.com എന്ന ഇ-മെയിൽ വിലാസവും നൽകിയിട്ടുണ്ട്. ലോഗോ സംബന്ധിച്ച ഇ-മെയിൽ കിട്ടുന്നത് സർവകലാശാലയ്ക്കാണ്. സമിതിക്ക് അതിൽ ഏതൊക്കെ കൊടുക്കണമെന്ന് സർവകലാശാലയ്ക്ക് തീരുമാനിക്കാം. വിപരീത വ്യാഖ്യാനങ്ങളുള്ളതോ ലോഗോയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതോ ആയ കത്തുകൾ മറയ്ക്കാൻ സർവകലാശാലയ്ക്കാവും.
പൊതുജനാഭിപ്രായം അറിയിക്കാൻ സമിതിയുടെയോ ചെയർമാന്റെയോ പേരിലുള്ള ഇ-മെയിൽ വിലാസമാണ് നൽകേണ്ടിയിരുന്നത്. ഓപ്പൺ സർവകലാശാല നൽകിയ ഇ-മെയിലിലേക്ക് ലോഗോയെ പ്രകീർത്തിച്ച് മെയിൽ അയപ്പിക്കാനും ശ്രമമുള്ളതായി അറിയുന്നു.
ലോഗോ പ്രസിദ്ധീകരിക്കുമ്പോൾ പ്രഖ്യാപിച്ചത് ഗുരുവിനെ മുകളിൽ നിന്ന് കാണാമെന്നാണ്. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ഗുരു ചിത്രത്തിലില്ലെന്നും, ഗുരുവിന്റെ ആശയങ്ങൾ ലോഗോയിൽ ലയിപ്പിച്ചെന്നും സർവകലാശാല വാദിച്ചു. അതും തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സമിതിയെ പരിശോധിക്കാൻ ഏൽപ്പിച്ചത്. സമിതിയെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ നിരാഹാരസമരം അടക്കമുള്ള സമരപരിപാടികളാണ് വിവിധ സംഘടനകൾ ആലോചിക്കുന്നത്.