പുനലൂർ താലൂക്ക് ഹോമിയോ ആശുപത്രി ഉറക്കച്ചടവിൽ
പുനലൂർ: നഗരസഭയിലെ പുത്തൻ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിന് ഇനിയല്പം ദീർഘനിശ്വാസം വിട്ട് ഉറങ്ങാം... അത്രമാത്രം. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തതോടെ പാർശ്വഭിത്തികളിലുൾപ്പെടെ കാടുകയറി മൂടിയ പുനലൂർ ഗവ. താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടവും പരിസരവും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. എന്നാൽ ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട പുത്തൻ കെട്ടിടത്തിൽ രോഗികൾക്ക് എന്നുമുതൽ ചികിത്സ ലഭിക്കുമെന്ന കാര്യത്തിൽ മാത്രം ഇതുവരെയും തീരുമാനമായില്ല.
പുനലൂർ നഗരസഭയിലെ ചെമ്മന്തൂരിൽ നാല് കോടി രൂപ ചെലവഴിച്ച് രണ്ട് നിലയിൽ പുതിയതായി പണികഴിപ്പിച്ച ഹോമിയോ ആശുപത്രി കെട്ടിടമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. എന്നാൽ മാസങ്ങൾ കടന്നുപോയിട്ടും ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാതെ കെട്ടിടം അടച്ചുപൂട്ടുകയാണുണ്ടായത്. ഇതോടെ കെട്ടിടത്തിന് ചുറ്രും ഒരാൾപ്പൊക്കത്തിൽ കാടുവളർന്ന് പാർശ്വഭിത്തികൾ ഉൾപ്പെടെ മൂടി.
അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഈ മാസം അഞ്ചിന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭാ അധികൃതർ ഉടൻതന്നെ ശുചീകരണം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആതുരാലയം തുറന്നുപ്രവർത്തിപ്പിക്കാൻ അധികൃതർ ഇനിയും തയ്യാറാകാത്തത് നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പഴഞ്ചൻ കെട്ടിടത്തിൽ തുടരാൻ വിധി
ടി.ബി ജംഗ്ഷനിൽ നഗരസഭയുടെ പഴഞ്ചൻ കെട്ടിടത്തിലാണ് വർഷങ്ങളായി താലൂക്ക് ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. അസൗകര്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് ചെമ്മന്തൂരിൽ നാല് കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത് നിലവിലെ ആശുപത്രി കെട്ടിടത്തിൽ രോഗികളും സൂപ്രണ്ട് അടക്കമുള്ള പത്തോളം ജീവനക്കാരും ബുദ്ധിമുട്ടുമ്പോഴാണ് പുത്തൻ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ അധികൃതർ അമാന്തിക്കുന്നത്.
മലമൂത്ര വിസർജ്ജനവും സാമൂഹ്യവിരുദ്ധ ശല്യവും
ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ ഭൂമിയിലാണ് പുതിയ ആശുപത്രി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന യാത്രക്കാരുൾപ്പെടെ ആശുപത്രി പരിസരങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതായി പരാതിയുണ്ട്. മൂക്കുപൊത്താതെ ആശുപത്രി കെട്ടിടത്തിന് സമീപത്ത് കൂടി പോകാൻ സാധിക്കില്ല. പ്രവർത്തനമില്ലാത്തതിനാൽ രാത്രികാലത്ത് ഇരുളഞ്ഞ് കിടക്കുന്ന ആശുപത്രി കെട്ടിടത്തിനുള്ളിൽ സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നുണ്ട്. ഗേറ്റിന് മുകളിലൂടെ അകത്തുചാടിക്കയറുന്നവർ ആശുപത്രിക്കുള്ളിലിരുന്ന് മദ്യപിക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്ത് പൊലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും ആശുപത്രിക്കുള്ളിൽ താവളമാക്കുന്നവരെ പെട്ടെന്ന് കാണാൻ സാധിക്കാത്തത് ഇവർക്ക് ഗുണമാകുന്നുണ്ട്.