പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ നിയന്ത്രണംവിട്ട മിനി കണ്ടെയ്നർ ലോറി എതിർദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് എൻജിനിൽ നിന്ന് റോഡിൽ വീണ ഓയിലിൽ ഇരുചക്ര വാഹനം തെന്നിവീണ് വെള്ളിമല സ്വദേശിയായ രാധാകൃഷ്ണനും നിസാര പരിക്കേറ്റു.
ഇന്നലെ വൈകിട്ട് 4.30ഓടെ ദേശീയപാതയിലെ മേലേ പ്ലാച്ചേരിയിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് വന്ന കണ്ടെയ്നർ ലോറി പാതയോരത്തെ മരത്തിൽ ഇടിച്ച ശേഷം എതിർദിശയിൽ നിന്നെത്തിയ ടിപ്പറിന്റെ മുൻഭാഗത്ത് ഇടിക്കുകയായായിരുന്നു. കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം ഏതാണ്ട് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം മുടങ്ങി. പുനലൂർ പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.