ശാസ്താംകോട്ട: ഫംഗസ് രോഗമായ ചർമ്മ മുഴ രോഗം മൈനാഗപ്പള്ളിയിൽ പശുക്കളിൽ വ്യാപകമാകുന്നു. മൈനാഗപ്പള്ളി പള്ളിമുക്കിന് സമീപത്തെ ചില വീടുകളിലെ പശുക്കൾക്കാണ് രോഗലക്ഷണം കണ്ടത്. 6 മാസം മുമ്പ് മൈനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ രോഗം വ്യാപകമാവുകയും നിരവധി പശുക്കളെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. ഒരു വർഷം മുമ്പ് ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലകളിൽ പ്രത്യക്ഷപ്പെട്ട രോഗം പിന്നീട് മൈനാഗപ്പള്ളി അടക്കം കുന്നത്തൂരിന്റെ വിവിധ മേഖലകളിലേക്ക് പടരുകയുമായിരുന്നു.
മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത പകർച്ച വ്യാധി
ചർമ്മങ്ങളിൽ ചെറിയമുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇത് വ്രണമായി മാറുകയുമാണ്. വായ്ക്കുള്ളിലേക്കും വയറിനുള്ളിലേക്കും വരെ രോഗം വ്യാപിക്കുകയും പശുക്കൾക്ക് തീറ്റ എടുക്കാൻ കഴിയാതാവുകയും ചെയ്യുന്നു.ഇതോടെ പാൽ ഉത്പ്പാദനം നിലക്കുകയും ചെയ്യുന്നു. ഫംഗസ് രോഗമായതിനാൽ വളരെ പെട്ടന്നാണ് ഇത് വ്യാപിക്കുന്നത്.പ്രത്യേകിച്ചും കുടുതൽ കന്നുകാലികളെ കെട്ടുന്ന പാടശേഖരം പോലുള്ള സ്ഥലത്ത് നിന്നും കറവക്കാരിൽ നിന്നും രോഗം പകരാൻ സാദ്ധ്യത ഏറെയാണ്. ഇതുവരെയും കൃത്യമായ മരുന്ന് കണ്ടു പിടിച്ചില്ലാത്ത ഈ രോഗത്തിന് പ്രാഥമിക ചികിത്സകൾ മാത്രമാണ് നൽകുന്നത്.രോഗം വന്ന വീടുകളിൽ നിന്ന് പാൽ വാങ്ങാൻ പോലും ആളുകൾ മടിക്കുന്നതിനാൽ ക്ഷീരകർഷകർ ഇത് രഹസ്യമാക്കി പോലും വയ്ക്കേണ്ട സാഹചര്യമുണ്ടായിരുന്നു ഇപ്പോൾ മൈനാഗപ്പള്ളിയിൽ രോഗം ബാധിച്ച പശുക്കളുടെ ഉടമസ്ഥർ വിവരം മൈനാഗപ്പള്ളി മൃഗാശുപത്രി അധികൃതരെ അറിയിച്ചങ്കിലും ഇവയ്ക്ക് ചികിത്സ നൽകിയില്ലെന്ന് ആക്ഷേപമുണ്ട് .അടിയന്തരമായ നടപടി ഉണ്ടായില്ലങ്കിൽ വളരെ വേഗം തന്നെ രോഗം വ്യാപിക്കാൻ സാദ്ധ്യത ഏറെയാണ്.