vaccine

 സൂക്ഷിക്കുന്നത് ആശ്രാമം നഴ്സിംഗ് സ്കൂളിൽ

കൊല്ലം: കൊവിഡ് പ്രതിരോധത്തിനുള്ള 25,960 കൊവിഷീൽഡ് വാക്സിൻ ഇന്ന് ജില്ലയിലെത്തും. ആരോഗ്യവകുപ്പിന് സ്വന്തമായി പ്രത്യേക സംവിധാനങ്ങളുള്ള നാഷണൽ വാക്സിൻ വാഹനം രാവിലെ കൊവിഷീൽഡ് ശേഖരിക്കാൻ തിരുവനന്തപുരത്തേക്ക് പോകും. ഉച്ചയോടെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

ആശ്രാമം നഴ്സിംഗ് സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളിലാകും വാക്സിനുകൾ സൂക്ഷിക്കുക. ഇവിടെ നിന്നാകും മറ്റ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുക. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. നഴ്സിംഗ് സ്കൂളിന് ഇന്ന് മുതൽ പൊലീസ് കാവലും ഉണ്ടാകും. ഇന്നെത്തുന്ന 25,960 വാക്സിനുകളിൽ പകുതി മാത്രമേ ഉപയോഗിക്കുകയുള്ളു. ശേഷിക്കുന്നത് ആദ്യം വാക്സിൻ നൽകുന്നവർക്ക് രണ്ടാമത്തെ ഡോസിനായി മാറ്റിവയ്ക്കും.

ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷനുള്ള പരിശീലനം പൂർത്തിയായി. ആദ്യഘട്ടത്തിൽ ഡോക്ടർമാർ അടക്കമുള്ള ആശുപത്രി ജീവനക്കാർക്കും ആശ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കുമാകും വാക്സിൻ നൽകുക. ഈ വിഭാഗത്തിലെ 22,006 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 21 ദിവസങ്ങൾക്ക് ശേഷമാകും രണ്ടാമത്തെ ഡോസ്. ഇതിനുള്ള സന്ദേശം മൊബൈലിൽ എത്തും.

 ജില്ലയിൽ ഒൻപത് കേന്ദ്രങ്ങൾ

ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലാകും ആദ്യഘട്ട വാക്സിൻ വിതരണം. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും. ഓരോ കേന്ദ്രത്തിലും ഒരു ദിവസം 100 പേർക്ക് വീതമാണ് വാക്സിൻ നൽകുന്നത്. കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ്, വിക്‌ടോറിയ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, മെഡിസിറ്റി മെഡിക്കൽ കോളേജ് (പാലത്തറ ബ്ലോക്ക്), പുനലൂർ താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ചവറ സാമൂഹ്യാരോഗ്യ കേന്ദ്രം, നെടുമൺകാവ് സാമൂഹ്യാരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് ഏരിയ, വാക്‌സിനേഷൻ റൂം, ഒബ്‌സർവേഷൻ റൂം എന്നിവയുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്.

 കൊവിഷീൽഡ് വാക്സിൻ: 25,960 ഡോസ്

 രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർ: 22,006