c

കൊല്ലം : ലോക്ക് ഡൗണിന് ശേഷം മിക്ക സ്വകാര്യ ബസുകളും സർവീസ് ആരംഭിച്ചിട്ടും ഗ്രാമങ്ങളിലേക്കുള്ള സർവീസ് ആരംഭിക്കാൻ ഇതുവരെയും കെ.എസ്.ആർ.ടി.സി തയ്യാറായിട്ടില്ലെന്ന് ആക്ഷേപം. ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലുള്ള സർവീസുകൾ ആരംഭിക്കുന്നത് അടുത്തെങ്ങും അധികൃതരുടെ പരിഗണനയിൽ ഇല്ലെന്നാണ് സൂചന. നഗരപരിധിക്ക് തൊട്ടടുത്തുള്ള പ്രാക്കുളം, അഷ്ടമുടി, പെരുമൺ, വെള്ളിമൺ, കുരീപ്പുഴ, കൂട്ടിക്കട സർവീസുകളൊന്നും ഇപ്പോൾ നടത്തുന്നില്ല. ഇതിൽ പ്രാക്കുളം തപാൽ സർവീസായിട്ടും ഒരു ട്രിപ്പ് പോലും നടത്തുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ഇവിടെ തപാൽ വകുപ്പ് പകരം സംവിധാനം ഏർപ്പെടുത്തിയാണ് തപാൽ ഉരുപ്പടികൾ എത്തിക്കുന്നത്. കൂട്ടിക്കട സർവീസാകട്ടെ ഇരവിപുരം, പുത്തൻനട വഴിയുള്ളതാണ്. ഇതുവഴി ഒരു സ്വകാര്യ ബസ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇവിടങ്ങളിൽ നിന്ന് കളക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലേക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള നിരവധി യാത്രക്കാർ വാഹനമില്ലാതെ വലയുകയാണ്.

വിദ്യാർത്ഥികളും ദുരിതത്തിൽ

കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ സ്കൂളുകളും കോളേജുകളും തുറന്നു. കൺസഷൻ കാർഡുകളെടുത്തിട്ടും യാത്ര ചെയ്യാൻ മറ്റുമാർഗങ്ങൾ തേടേണ്ട അവസ്ഥയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇടസമയങ്ങൾ ഒഴിവാക്കിയാലും ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലേക്ക് രാവിലെയും വൈകിട്ടും കെ.എസ്.ആർ.ടി.സി സർവീസ് നടത്താനുള്ള തീരുമാനമെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ

ഗ്രാമീണ മേഖലകളിലേക്ക് ഇല്ലെങ്കിലും കുളത്തൂപുഴ, പത്തനംതിട്ട, ചെങ്ങന്നൂർ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ മുടക്കമില്ലാതെ സർവീസ് നടത്തുന്നുണ്ട്. ബൈപാസ് വഴിയുള്ള കായംകുളം - പാരിപ്പള്ളി സർവീസും മുടങ്ങാതെ നടക്കുന്നുണ്ട്.