കുടുംബ ഓഹരി സ്ഥലം ഒൻപത് കുടുംബങ്ങൾക്ക്
പത്തനാപുരം: അജി സാധരണക്കാരനാണെങ്കിലും കുടുംബസ്വത്തായി ലഭിച്ച ലക്ഷങ്ങൾ വിലവരുന്ന ഭൂമി ഒൻപത് കുടുംബങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. കുണ്ടയം ആലവിള തുണ്ടിൽ പുത്തൻവീട്ടിൽ അജി എന്ന് വിളിക്കുന്ന ജേക്കബ് തോമസ് - ഷീന ദമ്പതികളാണ് നാടിന് മാതൃകയായത്.
കുടംബ ഓഹരിയായ 36 സെന്റ് ഭൂമിയാണ് മാതാപിതാക്കളായ ടി.എ. സാമുവലിന്റെയും കുഞ്ഞുമോളുടെയും സ്മരണാർത്ഥം 'മഹനീയം സ്വപ്നഭൂമി' എന്ന പദ്ധതിയിലൂടെ നൽകിയത്. വർഷങ്ങളായി പത്തനാപുരം ലോറി സ്റ്റാൻഡിലെ ഡ്രൈവറാണ് അജി. അടുത്തിടെ മിനിലോറി സ്വന്തമായി വാങ്ങിയെങ്കിലും ലോൺ ഇനിയും അടച്ച് തീർന്നിട്ടില്ല. കുണ്ടയത്ത് ചെറിയ വീട്ടിലാണ് മക്കളായ ബെൻ സാമും ബെനീസയ്ക്കും ഒപ്പം കഴിയുന്നത്.
മൈത്രി ചാരിറ്റബിൾ എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയായ അജി സംഘടന വഴി ലഭിച്ച നൂറോളം അപേക്ഷകളിൽ നിന്ന് ജനപ്രതിനിധികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ എന്നിവരുടെ പാനലിൽ നിന്നാണ് അർഹരായവരെ തിരഞ്ഞെടുത്തത്. സ്ഥലം സൗജന്യമായി നൽകിയതോടെ ഇവർക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചിലർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അജിയുടെ വീട്ടിൽ നടന്ന പ്രമാണ വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വൈ. സുനറ്റ്, ഫാറൂക്ക് മുഹമ്മദ്, അഡ്വ. സാജൂ ഖാൻ, സലൂജ ദിലീപ്, പൊതുപ്രവർത്തകൻ പ്രദീപ് ഗുരുകുലം, മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി പാസ്റ്റർ ജോർജ് വർഗീസ്, അജി സ്ലീബാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
''
ഭൂമി ലഭിച്ചവർക്ക് ഭവനപദ്ധതിയിൽ വീട് നൽകുന്നതിന് പ്രഥമപരിഗണന നൽകും.
ജനപ്രതിനിധികൾ