തെന്മല: രണ്ടുദിവസമായി ശക്തമായ മഴ തുടരുന്ന കിഴക്കൻ മേഖലയിലെ ജലപാത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വലിയ കല്ലുകളും മരക്കഷണങ്ങളും വെള്ളത്തോടൊപ്പം വീഴുന്നതിനാൽ അപകടസാദ്ധ്യതയേറിയ സാഹചര്യത്തിലാണ് നടപടി.
തെങ്കാശി കുറ്റാലത്ത് വെള്ളപ്പാച്ചിൽ ശക്തമായതോടെ സഞ്ചാരികളെ പൊലീസ് കടത്തിവിടുന്നില്ല. കൊവിഡ് മുൻകരുതലുണ്ടെങ്കിലും നേരത്തെ കുറ്റാലത്ത് ആളുകൾക്ക് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ അനുമതി നൽകിയിരുന്നു. പൊങ്കൽ ഉത്സവ സീസണായതിനാൽ സഞ്ചാരികൾ ഏറെയുണ്ടായിരുന്ന ഇവിടെ ഇപ്പോൾ മഴ കാരണം തിരക്ക് കുറഞ്ഞിട്ടുണ്ട്.
ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിലും വെള്ളപ്പാച്ചിൽ ശക്തമാണ്. കൊവിഡ് സാഹചര്യത്തിൽ ഇവിടെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നില്ല. പ്രകൃതി ഭംഗിയും വെള്ളച്ചാട്ടവും കണ്ട് മനംകുളിർത്ത് മടങ്ങുകയാണ് സഞ്ചാരികൾ. ഇനിയും സന്ദർശകർക്കായി തുറന്നുകൊടുക്കാത്ത അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിലും നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.