കൊല്ലം ഡിപ്പോയിൽ സർവീസ് മുടക്കത്തിന് സെഞ്ച്വറി
കൊല്ലം: ഡ്രൈവർമാരുടെ കുറവ് കാരണം കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ നിന്ന് പ്രതിദിനം ഇരുപത്തഞ്ചോളം സർവീസുകൾ മുടങ്ങുന്നു. നിലവിലെ ഷെഡ്യൂൾ അനുസരിച്ച് 90 സർവീസുകളാണുള്ളത്. ഇവയിൽ പരമാവധി 65 സർവീസുകൾ നടത്താനുള്ള ഡ്രൈവർമാർ മാത്രമേയുള്ളു.
187 ഡ്രൈവർമാരുള്ളതിൽ 10 പേർക്ക് മറ്റുള്ള ഡ്യൂട്ടിയും 15 മുതൽ 40 വരെയുള്ളവർ ആഴ്ച അവധിയിലോ മറ്റ് കാരണങ്ങളാലുള്ള അവധിയിലോ ആയിരിക്കും. സിംഗിൾ ഡ്യൂട്ടി തലത്തിൽ നോക്കിയാൽ 90 സർവീസുകൾ നടത്താൻ പ്രതിദിനം 180 പേർ ഡ്യൂട്ടിലുണ്ടാകണം.
ഡ്രൈവർമാർ ഡ്യൂട്ടിമാറ്റത്തിന്റെ ഭാഗമായുള്ള മൂന്ന് ഷിഫ്ടുകളിലും മാറിമാറി ജോലിചെയ്യേണ്ട സ്ഥിയാണുള്ളത്. എന്നാൽ കണ്ടക്ടർമാരുടെ എണ്ണമാകട്ടെ 290 ആണ്. 180 പേർ ആവശ്യമുള്ളിടത്താണ് നൂറിലധികം കണ്ടക്ടർമാരെ അധികമായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് ഡിപ്പോകളിൽനിന്ന് അധികമുള്ള ഡ്രൈവർമാരെ പുനർവിന്യസിക്കണമെന്ന ആവശ്യം ഉന്നയിട്ടും നടപടിയില്ല.
ഫാസ്റ്റിന് മുടക്കമില്ല, ലോക്കൽ ഓടിയാലോടി
ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളൊന്നും മുടങ്ങുന്നില്ല. എന്നാൽ ചെങ്ങന്നൂർ, കുളത്തൂപ്പുഴ, പത്തനംതിട്ട ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളിൽ രണ്ട് വീതം സർവീസുകൾ മുടങ്ങുന്നുണ്ട്. പ്രാക്കുളം, അഷ്ടമുടി, പെരുമൺ, ശിങ്കാരപ്പള്ളി, വെള്ളിമൺ ബസുകളൊന്നും സർവീസ് നടത്തുന്നില്ല. തിങ്കളാഴ്ച മുതൽ സർവീസ് നടത്തുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും എങ്ങനെ പ്രാവർത്തികമാകുമെന്നാണ് ജീവനക്കാരുടെ ചോദ്യം.
ആകെ സർവീസുകൾ : 90
സർവീസ് നടത്തുന്നത്: 65
ആകെ ഡ്രൈവർമാർ:187
കണ്ടക്ടർമാർ : 290
എല്ലാ സർവീസുകളും നടത്താൻ പ്രതിദിനം വേണ്ടത്: 180 പേർ വീതം
അധികമുള്ള കണ്ടക്ടർമാർ: 110