പടിഞ്ഞാറേക്കല്ലട: വർഷങ്ങളായി നിറുത്തി വച്ചിരുന്ന കൊല്ലം -മുതിരപ്പറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ച് കടപുഴ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ വരെ നീട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.മാസങ്ങളായി നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചതോടെ മൺറോത്തുരുത്തിലും കല്ലടയാറിന്റെ മറുകരയുള്ള പടിഞ്ഞാറേക്കല്ലടയിലും ദിനം പ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. അവധി ദിവസങ്ങളിലാണ് കൂടുതൽ തിരക്ക് . മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന ഹോം സ്റ്റേകളും റിസോർട്ടുകളും ഇപ്പോൾ വീണ്ടും സജീവമായി. നിരവധി ആളുകൾക്ക് ഇതോടെ തൊഴിലും വരുമാന മാർഗവുമായി.
കൊല്ലത്ത് നിന്ന് ബോട്ട് സർവീസ് ആരംഭിക്കണം
കൊല്ലത്ത്നിന്ന് മണിക്കൂറിന് ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് സഞ്ചാരികൾ ഹൗസ് ബോട്ടിൽ മൺറോത്തുരുത്തിലും പടിഞ്ഞാറേകല്ലടയിലും എത്തിച്ചേരുന്നത്.ഇത്രയും വലിയൊരു തുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങുവാൻ പറ്റുന്ന ഒന്നല്ല .ഇതിന് പരിഹാര മാർഗമെന്ന നിലയിൽ രാവിലെ 9 മണിക്ക് കൊല്ലത്ത് നിന്ന് ഒരു ബോട്ട് സർവീസ് ആരംഭിച്ചാൽ 11 മണിയോടുകൂടി കടപുഴയിൽ എത്തിച്ചേരുകയും തിരികെ വൈകിട്ട് 4 മണിയോട് കൂടി കടപുഴയിൽ നിന്ന് പുറപ്പെട്ടാൽ ആറു മണിയോടുകൂടി കൊല്ലത്ത് തിരികെ എത്തും. പകൽ പതിനൊന്നിനും നാലിനും ഇടയിൽ കിട്ടുന്ന ഇടവേളസമയംസഞ്ചാരികൾക്ക് മൺറോത്തുരുത്തിലെയും അഷ്ടമുടിക്കായലിലെയും കല്ലടയിലെയും പ്രകൃതി ഭംഗികൾ ചെറു വള്ളങ്ങളിലും ശിക്കാരി ബോട്ടുകളിലും ചെലവ് കുറഞ്ഞ രീതിയിൽ കണ്ട് മടങ്ങി വരുവാൻ സാധിക്കും.ഇത് സർക്കാരിന് സാമ്പത്തിക നേട്ടവും ഇവിടുത്തെ ജനങ്ങൾക്ക് തൊഴിലും വരുമാനമാർഗവുംലഭിക്കുന്ന ഒന്നായി മാറും.
ഏതാനും വർഷങ്ങൾക്ക് മുമ്പ് നിറുത്തിവച്ച കൊല്ലം കടപുഴ ബോട്ട് സർവീസ് പുനരാരംഭിച്ച്കൊല്ലത്ത് നിന്ന് കട പുഴയിലേക്കും തിരികെ കടപുഴയിൽ നിന്ന് കൊല്ലത്തേക്കും ഓരോ സർവീസുകൾ ആരംഭിച്ചാൽ യാത്രാക്ലേശത്താൽ ദുരിതമനുഭവിക്കുന്ന നാട്ടുകാർക്കും ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾക്കും ഒരേപോലെ പ്രയോജനപ്പെടും. പടിഞ്ഞാറേകല്ലടയിൽ മുമ്പുണ്ടായിരുന്ന പല കെ.എസ്.ആർ.ടി.സി ബസുകളും ഇന്ന് സർവീസ് നടത്തുന്നില്ല.നാട്ടുകാരെ കൂടാതെ ദേശീയ പാതയായ കടപുഴയിൽ എത്തിച്ചേരുന്ന യാത്രക്കാർക്കാണ് ഏറെ പ്രയോജനം ലഭിക്കുക.ഏറെക്കാലമായി നിറുത്തിവെച്ച ബോട്ട് സർവീസ് പുനരാരംഭിക്കുവാൻ വേണ്ടനടപടി ഉണ്ടാകണം. ഡോ. സി.ഉണ്ണികൃഷ്ണൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പടിഞ്ഞാറേകല്ലട .
പതിറ്റാണ്ടുകളായി കൊല്ലത്തെയും കല്ലടയെയും ബന്ധിപ്പിച്ച് കടപുഴ കൊല്ലം ബോട്ട് സർവീസ് ഉണ്ടായിരുന്നു.ഇത് പിന്നീട് മുതിരപ്പറമ്പ് വരെയാക്കി ചുരുക്കി. ഏതാനും വർഷം മുൻപ് അതും നിറുത്തലാക്കി.ഇപ്പോൾ മൺറോത്തുരുത്തിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതോടെ ബോട്ട് സർവീസിന്റെ പ്രാദ്ധാന്യം വർദ്ധിച്ചു. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും ടൂറിസ്റ്റുകൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് മൺറോത്തുരുത്തിൽ എത്തുവാനുംകഴിയുന്ന ഈ സർവീസ് എത്രയും വേഗം പുനരാരംഭിക്കാൻ ജലഗതാഗതവകുപ്പ് നടപടി സ്വീകരിക്കണം.
മിനി സൂര്യകുമാർ . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , മൺറോതുരുത്ത്.