road
റോഡ് നിർമ്മിക്കാനായി റെയിൽവേ പെരുമണിൽ ഏറ്റെടുത്ത സ്ഥലം

 റെയിൽവേ വാഗ്ദാനം നടപ്പായില്ല

കൊല്ലം: പെരുമൺ, കണ്ണങ്കാട്ട് കടവ് പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ പെരുമണിലും റോഡ് വികസനം അനിവാര്യം. വർഷങ്ങൾക്ക് മുൻപ് റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിന് കൂടി സ്ഥലം ഏറ്റെടുത്തിരുന്നു.

പെരുമൺ റെയിൽവേ ഗേറ്റിന് സമീപത്ത് പ്രാധാനപാതയിൽ നിന്ന് റെയിൽവേ ലൈനിന് കിഴക്ക് നിന്നാരംഭിച്ച് തരിയൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിൽ എത്തുന്ന തരത്തിൽ റോഡ് നിർമ്മിക്കുമെന്ന് റെയിൽവേ വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഒന്നും നടപ്പായില്ല. റോഡ് നിർമ്മിച്ചാൽ റെയിൽവേ ഗേറ്റിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്ന് റോഡ് നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നത്.

പത്ത് മീറ്ററിലധികം വീതിയിൽ സ്ഥലം ഏറ്റെടുത്തതിനാൽ ഇവിടെ റോഡ് നിർമ്മാണത്തിന് മറ്റ് തടസവുമില്ല. റെയിൽവേയുടെ പക്കൽ നിന്ന് സ്ഥലം ഏറ്റെടുത്ത് സംസ്ഥാന സർക്കാർ റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്.

ഇരുപാലങ്ങളും പൂർത്തിയായാൽ നഗരത്തിൽ നിന്ന് പത്തനംതിട്ട, അടൂർ, ഭരണിക്കാവ് ഭാഗത്തേക്കുള്ള യാത്രയിൽ ഇരുപത് കിലോമീറ്ററിലധികം ലാഭിക്കാൻ കഴിയും. പാലങ്ങൾ പൂർത്തിയാകുന്നതിനൊപ്പം റെയിൽവേ ഏറ്റെടുത്ത ഭൂമിയിൽ റോഡ് നിർമ്മിച്ചാൽ ലെവൽക്രോസിൽ കുടുങ്ങിക്കിടക്കാതെ തരിയൻമുക്ക് റെയിൽവേ മേൽപ്പാലം വഴി വാഹനങ്ങൾക്ക് സുഗമമായി യാത്രചെയ്യാനും കഴിയും.

 ഹൈടെക് റോഡിന് എം.എൽ.എയുടെ പച്ചക്കൊടി


പേഴുംതുരുത്ത് - റെയിൽവേ സ്റ്റേഷൻ - കണ്ണങ്കാട് കടവ് റോഡ് ഹൈടെക്കാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ. കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച മൺറോത്തുരുത്തിൽ വേണം പുതിയ ഹൈടെക്ക്‌ റോഡ് എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണങ്കാട്ട് പാലം നിർമ്മാണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൺറോത്തുരുത്ത്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിൽ ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരത്തുക നിശ്ചയിച്ച് വേഗത്തിൽ വിതരണം ചെയ്യും. റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതരുമായുള്ള കൂടിക്കാഴ്ചയിൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.