കള്ളന് പിന്നാലെ പൊലീസിനൊപ്പം നാടൊന്നാകെ
കൊല്ലം: ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലുള്ള രംഗങ്ങളാണ് ബുധനാഴ്ച രാത്രി മുതൽ ഇന്നലെ പുലർച്ചെ വരെ ജില്ലയിൽ നടന്നത്. ഒരു കള്ളനെ പിടികൂടാൻ ഇതുവരെ ജില്ലയിലെ പൊലീസ് സംഘം കൂട്ടത്തോടെ ഒരു രാത്രിയിൽ സമീപകാലത്തെങ്ങും ഇറങ്ങിയിട്ടുണ്ടാകില്ല. രണ്ട് ദിവസം മുൻപേ തന്നെ വിനീതിനെ കുടുക്കാൻ പൊലീസ് നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇന്നലെ പുലർച്ചെ കടപ്പാക്കടയിൽ ക്ലൈമാക്സ് സീൻ തുടങ്ങി. ടൗൺ അതിർത്തിയിലേക്ക് ത്രില്ലിംഗ് മൂഡിൽ ക്ലൈമാക്സ് നീണ്ടപ്പോൾ നാട്ടുകാരടക്കം തകർപ്പൻ പെർഫോമൻസ് കാഴ്ചവച്ചു.
തിങ്കളാഴ്ച രാത്രി 12.30 ചിന്നക്കട
മോഷ്ടിച്ച കാറിൽ ചെങ്ങന്നൂരിൽ നിന്ന് ചിന്നക്കടയിലെത്തി. പൊലീസ് കാർ തടഞ്ഞപ്പോൾ ഇറങ്ങിയോടി. എസ്.എം.പി തീയേറ്ററിന് സമീപത്ത് നിന്ന് ഹീറോഹോണ്ട ബൈക്ക് തട്ടിയെടുത്ത് ബീച്ച് വഴി പള്ളിത്തോട്ടത്തേക്ക് പോയി. ഇതിനിടയിൽ ബൈക്കിൽ എണ്ണതീർന്നതോടെ വഴിൽ ഉപേക്ഷിച്ചു. തൊട്ടടുത്ത് കണ്ട ബുള്ളറ്റ് സ്റ്റാർട്ടാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോയി. ഇതിനിടയിൽ പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശിയെ പണം തട്ടാനായി പിന്തുടർന്നു. ശ്രമം വിഫലമായതോടെ മാർത്താണ്ഡത്തേക്ക് പോയി സുഹൃത്തുക്കളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചൊവ്വാഴ്ച ബുള്ളറ്റിൽ തന്നെ എടത്വയിലേക്ക് പോയി. സംഘാംഗങ്ങളാരും നാട്ടിൽ ഇല്ലാത്തതിനാൽ എം.സി റോഡ് വഴി തിരുവനന്തപുരത്തേക്ക് വീണ്ടും യാത്ര തുടങ്ങി.
വ്യാഴാഴ്ച പുലർച്ചെ 1 മണി ചടയമംഗലം
തിരുവനന്തപുരത്തക്കുള്ള ബുള്ളറ്റ് യാത്രയ്ക്കിടയിൽ ചടയമംഗലം ജംഗ്ഷനിൽ വച്ച് യുവാവിൽ നിന്ന് ആയിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത് പാഞ്ഞു.
പുലർച്ചെ 1.50 കിളിമാനൂർ
കിളിമാന്നൂർ ഇരട്ടച്ചിറ ഷിജു ഫ്യൂവൽസിലെത്തി വടിവാൾ കാട്ടി ജീവനക്കാരനോട് പണം ആവശ്യപ്പെട്ടു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷ പമ്പിലേക്ക് വന്നു. സീൻ മാറിയതോടെ വിനീത് സ്ഥലം വിട്ടു. ബുള്ളറ്റിൽ ചടയമംഗലത്തെത്തി. വിവരമറിഞ്ഞ് കിളിമാന്നൂർ പൊലീസും കൊല്ലം റൂറൽ പൊലീസും കൂട്ടത്തോടെ റോഡിലിറങ്ങി ബുള്ളറ്റ് തിരഞ്ഞു.
പുലർച്ചെ 2.15 ചടയമംഗലം
ചടയമംഗലത്ത് റോഡ് വക്കിൽ ബുള്ളറ്റ് ഉപേക്ഷിച്ചു. അവിടെ റോഡരികിൽ നിറുത്തിയിട്ടിരുന്ന കാർ ഉടമയെ മർദ്ദിച്ച് കൈക്കലാക്കി പാരിപ്പള്ളി ഭാഗത്തേക്ക് പോയി. വിവരമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണർ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സന്ദേശം നൽകി. റോഡ് വക്കുകളിൽ പൊലീസ് സംഘങ്ങൾ നിരന്നു. ഇതിനിടെ ചാത്തന്നൂർ വഴി കാർ കടന്നുപോയതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ വൻ പൊലീസ് സന്നാഹം കൊല്ലത്ത് കേന്ദ്രീകരിച്ചു.
പുലർച്ചെ 4.15 കൊല്ലം കടപ്പാക്കട
മേവറം കല്ലുന്താഴം വഴി കാറിലെത്തിയ വിനീതിനെ കൊല്ലം കടപ്പാക്കട സ്പോർട്സ് ക്ളബ്ബിന് മുന്നിൽ പൊലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടഞ്ഞു. പൊലീസ് ജീപ്പിലേക്ക് കാർ ഇടിച്ചുനിറുത്തിയ ശേഷം ജനയുഗം റോഡിലൂടെ വിനീത് രക്ഷപ്പെട്ടു. ബർമുഡ മാത്രമായിരുന്നു വേഷം. അതോടെ പൊലീസ് എല്ലാ വീടുകളിമെത്തി വീട്ടുകാരെ വിളിച്ചുണർത്തി. സ്ത്രീകളടക്കമുള്ള നാട്ടുകാർ പൊലീസിനൊപ്പം ചേർന്ന് ടോർച്ചുകൾ തെളിച്ച് കള്ളനെ തിരഞ്ഞു.
ടൗൺ അതിർത്തി ഇന്നലെ പുലർച്ചെ 5.30
ടൗൺ അതിർത്തിയിലെ ഒരു വീടിന്റെ പിൻഭാഗത്ത് ഒളിച്ചിരുന്ന വിനീത് നാട്ടുകാരുടെ ശബ്ദം കേട്ടതോടെ വീണ്ടും ഓടിത്തുടങ്ങി. ഇതിനിടയിൽ ഒരു മതിൽചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ഉറക്കം കെടുത്തിയതിന്റെയും ഇത്രയധികം ഓടിച്ചതിന്റെയും ദേഷ്യം നാട്ടുകാരിൽ ചിലർ വിനീതിന്റെ ചുമലിൽ തീർക്കുകയും ചെയ്തു.
ബുദ്ധികേന്ദ്രം: കമ്മിഷണർ
മേൽനേട്ടം: കൊല്ലം, കരുനാഗപ്പള്ളി എ.സി.പിമാർ
പിന്നാലെ പാഞ്ഞത്: 10 സി.ഐ, 15 എസ്.ഐ, 75 പൊലീസുകാർ
വടിവാൾ വിനീത്
റോഡ് വക്കിൽ കിടക്കുന്ന വാഹനങ്ങൾ കുത്തിത്തുറന്ന് കടത്തും. ഉടമയുണ്ടെങ്കിൽ ആക്രമിച്ച് തട്ടിയെടുക്കും. വാഹനങ്ങൾ മോഷ്ടിക്കുന്നതും തട്ടിയെടുക്കുന്നതും കവർച്ചാ സ്ഥലങ്ങളിലേക്ക് പോകാൻ. പോകുന്ന വഴികളിൽ യാത്രക്കാരെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തി പണം തട്ടും. മോഷണത്തിന് എല്ലാവിധ പിന്തുണയും നൽകി ഒപ്പം ഭാര്യ ഷിൻസി.