പുനലൂർ:തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തെന്മലവാലി എസ്റ്റേറ്റ് മേഖലയിലെ ലയങ്ങൾ തകർച്ചാ ഭീഷണിയിൽ. മഴയത്ത് ചോർന്നൊലിക്കുന്ന ലയങ്ങൾ ഏത് നിമിഷവും തകർന്ന് വീണേക്കാം. വാർഷിക അറ്റകുറ്റ പണികൾ നടത്താത്തതാണ് ലയങ്ങൾ നശിക്കുന്നതിന് കാരണമെന്ന് താമസക്കാർ പറഞ്ഞു. ഷീറ്റ് മേഞ്ഞ ലയങ്ങളുടെ മേൽകൂര കാറ്റിൽ ഇളകി പോകുന്നതും പതിവാണ്. ഇത് കൂടാതെ സമീപത്ത് നിൽക്കുന്ന റബർ മരങ്ങൾ ഒടിഞ്ഞ് ലായങ്ങളുടെ മുകളിൽ വീണ് കെട്ടിടങ്ങളും മറ്റും നശിക്കുകയാണ്. ബുധനാഴ്ച രാത്രിയിൽ വീശിയടിച്ച കനത്ത കാറ്റിൽ വെഞ്ച്വർ ഡിവിഷനിലെ ചേനഗിരി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ സരളയുടെ ലയത്തിന് മുകളിൽ റബർ മരം ഒടിഞ്ഞ് വീണ് കെട്ടിടവും ലയത്തിനുള്ളിലെ വീട്ടുപകരണങ്ങളും നശിച്ചു പോയിരുന്നു. ഇത് കൂടാതെ അമ്പനാട് ടി.ആർ.ആൻഡ് ടീ എസ്റ്റേറ്റിലെ ലയങ്ങൾക്ക് പുറമെ സമീപത്തെ ആനച്ചാടി, മെത്താപ്പ്, അരണ്ടർ, മിഡിൽ, ലോവർ, ഇസ്ഫീൽഡ്, നെടുംമ്പാറ, പൂത്തോട്ടം, രണ്ടാം ഡിവിഷൻ, ഫ്ലാറൻസ്, വഞ്ച്വർ തുടങ്ങിയ എസ്റ്റേറ്റ് മേഖലയിലെ ലയങ്ങാണ് നശിക്കാറായത്.
നവീകരണ ജോലികൾ നടക്കുന്നില്ല
1901ൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ നേതൃത്വത്തിൽ റബർ എസ്റ്റേറ്റ് ആരംഭിച്ചെങ്കിലും 1960ന് ശേഷമാണ്തൊഴിലാളി ലയങ്ങൾ നിർമ്മിച്ചത്.തുടക്കത്തിൽ ലയങ്ങളുടെ പുനരുദ്ധാരണ ജോലികൾ നടത്തിയിരുന്നെങ്കലും റബറിന്റെ വില കുത്തനെ ഇടിഞ്ഞത് കാരണമാണ് ലയങ്ങളുടെ നവീകരണ ജോലികൾ ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയത്. പാർശ്വഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ ലയങ്ങളുടെ മേൽകൂരയും നാശത്തിലേക്ക് നീങ്ങിയിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്.വൈദ്യുതിയും, കുടിവളള വികരണവും മുടങ്ങുന്നത് കൂടാതെ മഴ പെയ്താൽ ലയങ്ങൾ ചോർന്ന് ഒലിക്കുന്നതും പതിവ് സംഭവമാണെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു.ട്രേഡ് യൂണിയൻ നേതാക്കൾ മാനേജ്മെന്റുമായി ബന്ധപ്പെടുമ്പോൾ മാത്രം ചെറിയ രീതിയിലുളള മെയിന്റൻസ് ലയങ്ങളിൽ നടത്താറുണ്ടെങ്കിലും മാസങ്ങൾക്ക് ശേഷം ഇത് പഴയ സ്ഥിതിയിലാകുമെന്ന് പറയുന്നു.തെന്മല വാലി എസ്റ്റേറ്റ് മേഖലകളിൽ രണ്ടായിരത്തോളം തോട്ടം തൊഴിലാളികളാണ് വിവിധ പ്രദേശങ്ങളിലെ ലയങ്ങളിൽ വർഷങ്ങളായി താമസിച്ചു വരുന്നത്.ഇതിൽ ഏറെയും തമിഴ്നാട് സ്വദേശികളാണ്.
എല്ലാത്തിനും പരിഹാരമുണ്ട്
ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതം മാറ്റിയെടുക്കാൻ സർക്കാർ പുതിയ വീടുകൾ പണിത് നൽകാമെന്ന് മാനേജ്മെന്റും ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. ഇതിനാവശ്യമായ ഭൂമി എസ്റ്റേറ്റ് ഉടമ നൽകുമെന്നും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.റബർ വില ഇടിഞ്ഞതോടെ എസ്റ്റേറ്റ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ചും മാനേജ് മെന്റ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.ഇത് കണക്കിലെടുത്ത് സർക്കാർ വിവിധ ടാക്സുകളും റബർ മരങ്ങളുടെ നികുതിയും ഒഴിവാക്കി നൽകുകയായിരുന്നു.ഇത് കൂടാതെ റബർ വെട്ടിയോഴിഞ്ഞ ഭൂമിയിൽ റീ പ്ലാന്റ് നടത്തി തോട്ടം തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്താനും ധാരണയായിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.