തെന്മല : പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നായ ഇടമണിൽ പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്ന ആവശ്യം ശക്തം. ഇടമൺ നിവാസികളുടെ ഈ ആവശ്യം മാറി മാറി വരുന്ന സർക്കാരുകളും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നതാണ് വാസ്തവം. ഇടമൺ നിവാസികളായ രോഗികൾക്ക് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ പോകണമെങ്കിൽ 8 കിലോമീറ്റർ സഞ്ചരിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിലോ അല്ലെങ്കിൽ 11 കിലോമീറ്റർ സഞ്ചരിച്ച് തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിലോ എത്തേണ്ട സ്ഥിതിയാണ്. നിർധന രോഗികളെ ഇത് തെല്ലൊന്നുമല്ല വലയ്ക്കുന്നത്.
സ്വകാര്യ ആശുപത്രികൾ ആശ്രയം
സർക്കാർ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇടമൺ നിവാസികൾ പ്രദേശത്തെ സ്വകാര്യ ആശുപത്രികളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതുമൂലം ചികിത്സയ്ക്ക് വലിയ സാമ്പത്തിക ചെലവാണ് വേണ്ടി വരുന്നത്. നിർദ്ധന രോഗികൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. സൗജന്യ ചികിത്സ ലഭിക്കാൻ ഗ്രാമീണർക്ക് പ്രാഥമികാരോഗ്യ കേന്ദ്രം വേണം.നിലവിൽ തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ .എച്ച് .ഐയുടെ സേവനം ലഭിക്കുന്ന കേന്ദ്രം മാത്രമെ ഇടമണ്ണിലുള്ളൂ. ഇവിടം സബ് സെന്ററാക്കി ആഴ്ചയിൽ ഒരിക്കൽ പോലും ഡോക്ടറുടെ സേവനം ലഭിക്കുന്നതിനും നടപടിയില്ല. തെന്മല പഞ്ചായത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നതിനും അധികൃതർ തയാറാകുന്നില്ല.
അധികൃതർ അവഗണിക്കുന്നു
സർക്കാർ നടപ്പാക്കുന്ന വെൽനസ് സെന്ററുകളിൽ ഒരെണ്ണം ഇടമണിൽ ആരംഭിച്ചാലും പ്രാഥമിക ചികിത്സയെങ്കിലും ലഭിക്കും. ആര്യങ്കാവ് പഞ്ചായത്തിൽ കഴുതുരുട്ടിയിലും അച്ചൻകോവിലിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഇത്തരത്തിൽ തെന്മല പഞ്ചായത്തിൽ തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിന് പുറമെ ഇടമൺ കേന്ദ്രമായി ഒരു പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങാവുന്നതേയുള്ളു. എന്നാൽ അധികൃതർ ഇടമൺ നിവാസികളുടെ അവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. മാത്രമല്ല ഇത് സ്വകാര്യ ആശുപത്രികൾക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കി നൽകുന്നുവെന്നും ആക്ഷേപമുണ്ട്. പുനലൂർ താലൂക്കാശുപത്രി 8 കിലോമീറ്റർ അകലെയുണ്ടെന്നതിന്റെ പേരിലാണ് ഇടമണിൽ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ആവശ്യത്തെ അധികൃതർ അവഗണിക്കുന്നത്. എന്നാൽ വിളക്കുപാറ, ആയിരനല്ലൂർ, ഉറുകുന്ന്, ആനപെട്ട കോങ്കൽ, പ്ലാച്ചേരി, വെള്ളിമല, അണ്ടൂർ പച്ച, തോണിച്ചാൽ, ചാലിയക്കര പ്രദേശങ്ങളിലുള്ളവർക്ക് ഇടമണിൽ പ്രാഥമിക കേന്ദ്രമുണ്ടെങ്കിൽ ചികിത്സ തേടി എളുപ്പം എത്താനാകും.