അഞ്ചാലുംമൂട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ പ്ലാവറ വീട്ടിൽ പരേതനായ വിജയൻപിള്ളയുടെ ഭാര്യ തങ്കമണിയാണ് (68) മരിച്ചത്. അവിവാഹിതനായ ഏകമകൻ ഉദയൻ (45) സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുന്നുവെന്ന് കാട്ടി രണ്ടാഴ്ച മുമ്പ് തങ്കമണി അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ റിമാൻഡ് ചെയ്തു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസം വീട്ടിലെത്തിയ തങ്കമണിക്ക് രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെടുകയും ബന്ധുക്കൾ മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ മരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതൽ വകുപ്പുകൾ ഉദയനെതിരെ ചുമത്തുന്നത് പരിഗണിക്കും. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.