തെന്മല : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിഴക്കൻ മേഖലയിൽ ശക്തമായി കാറ്റ് വീശുന്നതോടെ ദേശീയപാതയോരങ്ങളിൽ ജനവാസ മേഖലയ്ക്ക് അടക്കം ഭീഷണിയായി വൻ മരങ്ങൾ. തെന്മല എം.എസ്. എൽ ഉൾപ്പടെയുള്ള ഭാഗത്ത് നിരവധി മരങ്ങളാണ് ഭീഷണിയായി നിൽക്കുന്നത്. മാസങ്ങൾക്ക് മുൻപ് അപകടഭീഷണിയുള്ള മരങ്ങൾ മുറിക്കാനായി വനംവകുപ്പ് നമ്പരടിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയായിട്ടും മുറിക്കാനുള്ള നടപടി ഉണ്ടായില്ല. ദേശീയപാതയോരത്ത് നിൽക്കുന്നമരങ്ങൾ വാഹനയാത്രക്കാർക്കും കാൽനടയാത്രികർക്കും ഒരു പോലെ അപകടമാണ്. മാത്രമല്ല എം.എസ്.എൽ ഭാഗത്ത് വീടുകളുടെ സമീപമാണ് പല മരങ്ങളും നിൽക്കുന്നത്. റെയിൽവേ ഭൂമിയോട് ചേർന്നു നിൽക്കുന്ന മരങ്ങൾ കുറച്ചൊക്കെ മുറിച്ചുമാറ്റിയിരുന്നുവെങ്കിലും വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ ഇതുവരെ മുറിച്ചിട്ടില്ല. അതിനാൽ തന്നെ ശക്തമായ കാറ്റ് വീശുമ്പോൾ ഭയത്തോടെയാണ് ജനങ്ങൾ വീടിനുള്ളിൽ കഴിയുന്നത്.അതുകൊണ്ടുതന്നെ അപകടകരമായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ച് മാറ്റണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.