കൊല്ലം: ഒന്നര ലക്ഷം ശസ്ത്രക്രിയകൾ നടത്തി ലോക റെക്കോർഡ് സ്വന്തം പേരിലാക്കിയതിലല്ല, ഒരെണ്ണം പോലും പിഴച്ചില്ലല്ലോയെന്നതിലാണ് ഡോ.എൻ.എൻ.മുരളിയുടെ എക്കാലത്തെയും സന്തോഷം. നീണ്ട നാലര പതിറ്റാണ്ടുകാലം ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം നടത്തി, ഇപ്പോഴും തുടരുന്നു. രാഷ്ട്രീയത്തിലിറങ്ങി നിയമസഭയിലേക്ക് മത്സരിച്ചു, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനായി സേവാഭാരതിയുടെ ജില്ലാ പ്രസിഡന്റും മുൻനിര പ്രവർത്തകനുമായി, ലയൺസ് ക്ളബ്ബിന്റെ ഗവർണറായും മറ്റ് വിവിധ സംഘടനകളുടെ രക്ഷാധികാരിയുമൊക്കെയായി ആഘോഷമാക്കുന്ന ഡോ.എൻ.എൻ.മുരളി തന്റെ ജീവിതാനുഭവങ്ങളിലേക്ക് പിൻതിരിഞ്ഞുനോക്കിയതിന്റെ എഴുത്തടയാളമാണ് "മുറിവുകൾ ഉണങ്ങുമ്പോൾ" എന്ന ആത്മകഥ. അക്ഷരങ്ങളെ കൂട്ടുപിടിച്ച് സാഹിത്യത്തിന്റെ ആസ്വാദക ലഹരി ലവലേശം കൈവിട്ടുപോകാതെ തന്റെ ജീവിതത്തെ പകർത്തിയെഴുതുകയായിരുന്നു ഈ പുസ്തകത്തിൽ. ആരെയും പേരെടുത്തുപറഞ്ഞ് നോവിക്കുന്നില്ലെങ്കിലും തനിയ്ക്ക് മറയില്ലാതെ പറയാൻ കഴിയുമെന്ന് പുസ്തകത്താളുകളിൽ ഡോ.മുരളി പ്രകടമാക്കുന്നുണ്ട്. നേട്ടങ്ങളെ മാത്രം എണ്ണിയെണ്ണി പറഞ്ഞുപോയെങ്കിൽ ഒരുപക്ഷെ, ജീവിതാനുഭവങ്ങളുടെ നേർപ്പതിപ്പ് ആകില്ലെന്ന് വായനക്കാർ ചിന്തിക്കേണ്ടിവരും. എന്നാൽ ഇവിടെ തനിക്കുപറ്റിയ തെറ്റുകുറ്റങ്ങളെപ്പറ്റി തുറന്നുപറയാൻ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഇനി രംഗപ്രവേശം ചെയ്യുന്നവർക്കും ഒരു പാഠപുസ്തകമായി ഈ പുസ്തകം മാറുന്നത് അങ്ങിനെയാണ്. എന്ത് ചെയ്യാം, എന്തൊക്കെ ചെയ്യരുതെന്ന് തന്റെ പ്രവർത്തനങ്ങളുടെ തെറ്റും ശരിയും ചേർത്തുവച്ചെഴുതാനാണ് അദ്ദേഹം ധൈര്യം കാട്ടിയത്. അറുപത്തെട്ടു വയസിനിടയിലെ സംഭവങ്ങളെല്ലാം കാച്ചിക്കുറുക്കിയ വരികളിലൂടെ ആത്മകഥയിൽ ഉൾക്കൊള്ളിക്കാനായതിന്റെ നിർവൃതിയിലാണ് ഡോ.എൻ.എൻ.മുരളി. 360 പേജുകളുള്ള പുസ്തകത്തിലൂടെ എല്ലാം തുറന്നുപറയുമ്പോഴും വിവാദങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധവരുത്തിയിട്ടുണ്ട്. സുജിലി പബ്ളിക്കേഷൻ പുറത്തിറക്കുന്ന പുസ്തകത്തിന് എ.സേതുമാധവനാണ് അവതാരിക എഴുതിയത്.
ഒന്നര ലക്ഷം സർജ്ജറി
1979ൽ എഴുകോൺ ചീരങ്കാവ് ഇ.എസ്.ഐ ആശുപത്രിയിലാണ് ഡോ.എൻ.എൻ.മുരളി സർക്കാർ സർവ്വീസ് ആരംഭിച്ചത്. അന്ന് കിട്ടിയ വിളിപ്പേരാണ് പോറ്റി ഡോക്ടർ. ഇ.എസ്.ഐയിലെ അടഞ്ഞുകിടന്ന ഓപ്പറേഷൻ തീയേറ്റർ തുറപ്പിച്ച് ആദ്യ ശസ്ത്രക്രിയ നടത്തിയത് പരിമിതമായ സാഹചര്യങ്ങളിലാണ്. സർജ്ജറി രംഗം ഇഷ്ടപ്പെടാതെയാണ് വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തിയതെങ്കിലും അതൊരു നല്ല തുടക്കമായിരുന്നു, ഒരു ലക്ഷം ശസ്ത്രക്രിയകൾ പിന്നിട്ടതിന്റെ രേഖകൾ സമർപ്പിച്ചപ്പോൾത്തന്നെ ലിംക ബുക്കിൽ ഇടംനേടാനായി. ആദ്യകാലങ്ങളിലെ ശസ്ത്രക്രിയകൾക്കൊന്നും രേഖകൾ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ലോക റെക്കോർഡിൽ ഇടം നേടിയ ശേഷം അര ലക്ഷം ശസ്ത്രക്രിയകൾ പിന്നീടും നടത്തി. കൈപ്പിഴ സംഭവിച്ച് ഒരു ജീവൻ പോലും നഷ്ടപ്പെടുകയോ മറ്റൊരിടത്തേക്ക് രോഗിയെ റഫർ ചെയ്യേണ്ടി വരികയോ ഉണ്ടായിട്ടില്ലെന്നതാണ് വലിയകാര്യം. പോറ്റി ഡോക്ടറുടെകൈപ്പുണ്യമെന്ന് രോഗികളും ബന്ധുക്കളും പറയുമ്പോൾ എല്ലാം കൊട്ടാരക്കര ഗണപതിയുടെ അനുഗ്രഹമെന്ന് പറയാനാണ് ഡോക്ടർക്കിഷ്ടം. ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ അർഹതയുണ്ടെങ്കിലും രക്തം ചീന്തുന്ന ഒന്നിനും ഗിന്നസിൽ ഇടംനൽകുന്നില്ലെന്ന വ്യവസ്ഥ തടസമായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായിരുന്നു സേവനത്തിന്റെ കൂടുതൽ കാലഘട്ടവും. ജില്ലാ മെഡിക്കൽ ഓഫീസറായിരിക്കെ 2007ൽ ശബരിമല സന്നിധാനത്തുവച്ചാണ് സർക്കാർ സർവ്വീസിന്റെ പടിയിറങ്ങിയത്. പക്ഷെ, വിരമിച്ച ശേഷവും ഡോക്ടർ കൂടുതൽ ഊർജ്ജസ്വലനായി ആരോഗ്യ രംഗത്തും ഒപ്പം സേവന രംഗത്തും നിലയുറപ്പിച്ചതാണ് പിന്നീട് കണ്ടത്. കൊട്ടാരക്കരയിൽ നിന്നും കേരള കോൺഗ്രസ്(ബി) പ്രതിനിധിയായി നിയമസഭയിലേക്ക് മത്സരിച്ചു. രാഷ്ട്രീയത്തിൽ കമ്പമില്ലായിരുന്നെങ്കിലും അന്ന് മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ സ്നേഹ നിർദ്ദേശത്താൽ മത്സരിക്കുകയായിരുന്നു. പിന്നീട് സേവന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സേവാ ഭാരതിയിൽ അംഗമാവുകയും ജില്ലാ അദ്ധ്യക്ഷനാവുകയും ചെയ്തു. കൊട്ടാരക്കര മൈലത്ത് ഡോ.മുരളീസ് മെഡിക്കൽ സെന്റർ തുടങ്ങിയത് കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയും അതിനും അപ്പുറം ഒട്ടേറെ സേവനങ്ങൾ ചെയ്യുന്നതിനുമായിട്ടാണ്. ആരോഗ്യ രംഗത്തും പൊതുരംഗത്തും അറുപത്തിയെട്ടാം വയസിലും ഊർജ്ജസ്വലനായി പോറ്റി ഡോക്ടർ നിറസാന്നിദ്ധ്യവുമാണ്. ഭാര്യ യോഗവതി അന്തർജ്ജനവും മക്കൾ നർത്തകരായ ഡോ.ദ്രൗപതിയും ഡോ.പത്മിനിയും മരുമക്കൾ നെഫ്രോളജിസ്റ്റായ ഡോ.പ്രവീൺ നമ്പൂതിരിയും സർജ്ജനായ ഡോ.കൃഷ്ണൻ നമ്പൂതിരിയും കൊച്ചുമക്കളും മറ്റ് ബന്ധുക്കളുമൊക്കെ വലിയ പ്രോത്സാഹനവുമായി കൂടെയുണ്ട്.
പുസ്തക പ്രകാശനം
"മുറിവുകൾ ഉണങ്ങുമ്പോൾ" എന്ന ആത്മകഥാ പുസ്തകം ഇന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പ്രകാശനം ചെയ്യും. വൈകിട്ട് 3ന് കൊട്ടാരക്കര മൈലം ഡോ.മുരളീസ് മെഡിക്കൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിക്കും. പി.ഐഷാപോറ്റി എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. നോവലിസ്റ്റ് കെ.വാസുദേവൻ പുസ്തക പരിചയം നടത്തും. ആർ.എസ്.എസ് പുനലൂർ ജില്ലാ സംഘചാലക് ആർ.ദിവാകരൻ ചികിത്സാ സഹായങ്ങൾ വിതരണം ചെയ്യും. നഗരസഭ ചെയർമാൻ എ.ഷാജു, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഗ്രാമപഞ്ചായത്തംഗം കെ.മണി, ബിഷപ്പ് ഡോ.യൂയാക്കിം മാർ കുറിലോസ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ജി.തങ്കപ്പൻ പിള്ള, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ, കെ.വി.സുകുമാരൻ നായർ എന്നിവർ സംസാരിക്കും. ഡോ.പത്മിനി കൃഷ്ണന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.