fishing

കൊല്ലം: കായലിലും കടലിലും അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്നതായ പരാതി ഉയർന്നിട്ടും ഫിഷറീസ് വകുപ്പ് അധികൃതർക്ക് കുലുക്കമില്ല. അഷ്ടമുടിക്കായലിൽ കുറ്റിവലയും കടലിൽ ട്രോൾ വലയും ഉപയോഗിച്ച് നിരോധിത മാർഗങ്ങളിലൂടെ മത്സ്യബന്ധനം നടക്കുന്നുവെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പരാതിപ്പെടുകയാണ്.

നിരോധിത മാർഗങ്ങളിലൂടെയുള്ള മത്സ്യബന്ധനം സമീപഭാവിയിൽ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ഭീതിയൊന്നും ഇക്കൂട്ടർക്കില്ല. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളെല്ലാം ഈ പ്രവണത ചൂണ്ടിക്കാട്ടി നിവേദനവും പരാതിയുമെല്ലാം ഫിഷറീസ് അധികൃതർക്ക് നൽകി കാത്തിരിക്കുകയാണ്.

 കുറ്റിവലകൾ

വേലിയേറ്റ സമയത്ത് കടലിൽ നിന്ന് കായലിലേക്ക് എത്തുന്ന മത്സ്യങ്ങളെ പിടികൂടുന്നതിനായാണ് കുറ്റിവലകൾ ഉപയോഗിക്കുന്നത്. നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്ത് ഇത്തരം വലകൾ സ്ഥാപിച്ചിട്ട് കാലങ്ങളായി. വകുപ്പ് ഓഫീസ് തൊട്ടടുത്തുണ്ടായിട്ടും പേരിനുപോലും നടപടിയില്ല. കുറ്റിവലകൾ സ്ഥാപിക്കുന്നത് അഷ്ടമുടിയിലെ മത്സ്യസമ്പത്തിന് ഭീഷണിയുയർത്തുന്നുണ്ട്.

 ട്രോൾ വലകൾ

രണ്ട് ബോട്ടുകൾ ഒന്നിച്ച് അടിത്തട്ട് ഇളക്കി മത്സ്യക്കുഞ്ഞുങ്ങളെ അടക്കം പിടിക്കുന്നതാണ് ട്രോൾ വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം. ഇങ്ങനെ പിടിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ വളത്തിനായും കോഴിത്തീറ്റ നിർമ്മാണത്തിനായും വൻകിട ഫാക്ടറികൾ നേരിട്ട് സംഭരിക്കുന്നുമുണ്ട്.

കൂടുതലായും മംഗലാപുരം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ഇവ കയറ്റിവിടുന്നത്. നീണ്ടകര തുറമുഖത്ത് നിന്ന് മാത്രം പ്രതിദിനം പത്ത് മുതൽ പതിനഞ്ച് ലക്ഷം രൂപ വിലയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഇത്തരത്തിൽ കയറ്റിവിടുന്നതായാണ് വിവരം. കിളിമീൻ, ചാള തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളുടെ കച്ചവടം കൂടുതൽ ലാഭകരമായതിനാലാണ് യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത്.