ചാത്തന്നൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ചിറക്കരയിൽ ആക്രമണം നടത്തിയ കേസിലെ ഒന്നാംപ്രതി ഉളിയനാട് നന്ദനത്തിൽ ശിവൻകുട്ടി (45) അറസ്റ്റിലായി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശിവൻകുട്ടിയുടെ ഭാര്യ സീമ ചിറക്കര ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനം ശിവൻകുട്ടിയുടെ വീട്ടുവാതുക്കൽ എത്തിയപ്പോൾ സംഘർഷം നടന്നു.
പ്രവർത്തകർ നേർക്കുനേർ ഏറ്റുമുട്ടിയതോടെ ഇരുവിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു. ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിജേഷിന് തലയ്ക്ക് വെട്ടേറ്റ സംഭത്തിലാണ് ശിവൻകുട്ടിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഇരുപക്ഷത്തുമുള്ള ഇരുപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.