വാക്സിൻ വിതരണം നാളെ മുതൽ
കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള വാക്സിനെത്തി. തിരുവനന്തപുരം റീജിയണൽ വാക്സിൻ സ്റ്റോറിൽ നിന്ന് 25,960 ഡോസ് കൊവിഡ് വാക്സിൻ (കൊവിഷീൽഡ്) ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് കൊല്ലം സ്കൂൾ ഒഫ് നഴ്സിംഗ് അങ്കണത്തിൽ എത്തിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, ആർ.സി.എച്ച് ഓഫീസർ ഡോ.വി. കൃഷ്ണവേണി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ഹരികുമാർ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ. മണികണ്ഠൻ എന്നിവർ ചേർന്ന് വാക്സിൻ ഏറ്റുവാങ്ങി.
നാളെ മുതൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടത്തും. ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത സർക്കാർ - വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്പ്പ് നൽകുന്നത്. രണ്ടാംഘട്ടത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻനിരയിൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്കും മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും.
ഒരു ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ് കുത്തിവയ്പ്പ് നൽകുന്നത്. ആദ്യ ഡോസ് എടുത്തവർ ഉറപ്പായും അടുത്ത ഡോസ് എടുക്കണം. രണ്ടുപ്രാവശ്യം വാക്സിൻ എടുത്താൽ മാത്രമേ ഫലം ലഭിക്കൂ. 28 ദിവസങ്ങൾക്കുള്ളിലാണ് രണ്ടാമത്തെ വാക്സിൻ എടുക്കേണ്ടത്. വാക്സിൽ വിതരണം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂർത്തിയാകാൻ സമയമെടുക്കുമെന്നും അതുവരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത പറഞ്ഞു.
വാക്സിനേഷൻ കേന്ദ്രങ്ങൾ
1.ഗവ. മെഡിക്കൽ കോളേജ്, കൊല്ലം, പാരിപ്പള്ളി
2. കൊല്ലം വിക്ടോറിയ ആശുപത്രി
3. ജില്ലാ ആയുർവേദ ആശുപത്രി, കൊല്ലം
4. മെഡിസിറ്റി മെഡിക്കൽ കോളേജ്, (പാലത്തറ ബ്ലോക്ക്)
5. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ
6. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
7. ചവറ സാമൂഹ്യാരോഗ്യ കേന്ദ്രം
8. നെടുമൺകാവ് സാമൂഹ്യാരോഗ്യ കേന്ദ്രം
9. കുടുംബാരോഗ്യ കേന്ദ്രം മാങ്കോട് ചിതറ