മേൽജാതിക്കാരെ കാണുമ്പോൾ കീഴ്ജാതിക്കാർ ഓടിയൊളിക്കേണ്ട കാലത്ത് ബ്രാഹ്മണ യുവതി പുലയന്റെ കുടിലിൽ അഭയം തേടുന്നു. അവർണന് അക്ഷരം നിഷേധിച്ചിരുന്ന കാലത്ത് നമ്പൂതിരി യുവതി പുലയനെ അക്ഷരം പഠിപ്പിക്കുന്നു. അന്നത്തെ വ്യവസ്ഥിതിയിൽ പരസ്പരം ദൃഷ്ടിയിൽ പോലും പെട്ടുകൂടാത്ത അവർ തമ്മിൽ നക്ഷത്രങ്ങളെ നോക്കി പ്രണയിച്ചു.
'' തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ ''
ഈ ദുർസ്ഥിതി നിലനിന്നിരുന്ന കാലത്താണ് ചാത്തൻ പുലയനെയും സാവിത്രിയെന്ന നമ്പൂതിരി യുവതിയെയും കുമാരനാശാൻ പ്രണയ ജോഡികളാക്കിയത്. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ് ദുരവസ്ഥ എന്ന കൃതി രചിച്ചതെന്ന് ആശാൻ അതിന്റെ മുഖവുരയിൽ പറയുന്നു. പക്ഷേ ഈ വിപ്ലവകാവ്യം ചെന്നുതറച്ചത് ചാതുർവർണ്യമെന്ന കുടില വ്യവസ്ഥയുടെ നെറുകയിലാണ്. അദ്ധ്വാനിക്കാതെ സുഖസമൃദ്ധമായി ജീവിക്കാൻ ബ്രാഹ്മണർ ചമച്ച ചാതുർവർണ്യം പൊളിച്ചടുക്കാൻ ആശാനെപ്പോലെ അക്ഷരങ്ങളെ മൂർച്ചയുള്ള ആയുധമാക്കിയ കവി കേരള ചരിത്രത്തിലില്ല.
ദുരവസ്ഥ കത്തിജ്വലിച്ച് നിൽക്കുമ്പോൾ തന്നെയാണ് ആശാൻ ചണ്ഡാലഭിക്ഷുകിക്ക് ജന്മം നൽകുന്നത്. കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടിരുന്ന മാതംഗിയെന്ന ചണ്ഡാല യുവതിക്ക് മുന്നിലേക്ക് ദാഹിച്ച് വലഞ്ഞ് ഒരു ബുദ്ധഭിക്ഷു എത്തുന്നു. തീണ്ടാപ്പാടകലെ നിൽക്കേണ്ട മാതംഗിയോട് ബുദ്ധഭിക്ഷു ദാഹനീർ ചോദിക്കുന്നു. അമ്പരന്ന മാതംഗി അത് പാപമാകില്ലേ എന്ന് ചോദിച്ചു. പിൻവാങ്ങാതെ ഭിക്ഷു ഇങ്ങനെ പറഞ്ഞു.
'' ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,
ചോദിക്കുന്നു നീർ നാവുവരണ്ടഹോ
ഭീതി വേണ്ട തരികതെനിക്കു നീ.''
ആനന്ദഭിക്ഷുവിലൂടെ ആശാൻ ഇങ്ങനെ പറഞ്ഞത് മാതംഗിയെന്ന ചണ്ഡാല യുവതിയോട് മാത്രമല്ല. ജാതിവ്യവസ്ഥയ്ക്ക് നേരെയുള്ള അസ്ത്രമായിരുന്നു അത്. ഇന്ന് കാണുന്ന തരത്തിൽ കേരളം രൂപപ്പെട്ടതിന്റെ നേർചിത്രങ്ങളാണ് ആശാൻ കൃതികൾ. കേരളീയ നവോത്ഥാനം വേഗത്തിലാക്കിയ ഇന്ധനവുമായിരുന്നു.
ആശാനും യോഗവും സാമൂഹ്യപരിഷ്കരണവും
1891ൽ ഗുരുവിനെ കണ്ടുമുട്ടിയ ശേഷമാണ് കുമാരനാശാന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. 1903ൽ എസ്.എൻ.ഡി.പി യോഗം രൂപീകൃതമാകുമ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി കുമാരനാശാനെ നിർദ്ദേശിച്ചത് ഗുരുദേവനാണ്.1919 ജൂലായ് വരെ, ഇടയ്ക്ക് ഒരു കൊല്ലമൊഴികെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവേകോദയം മാസികയുടെ പത്രാധിപസ്ഥാനവും ഗുരുദേവൻ ആശാനെ ഏല്‌പിച്ചു. പിന്നാക്ക സമുദായക്കാരുടെ പള്ളിക്കൂട പ്രവേശനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് വിവേകോദയത്തിലെ ലേഖനങ്ങൾ കുതിരശക്തിയുള്ള ഇന്ധനങ്ങളായി. 1888ൽ തിരുവിതാംകൂറിൽ ആദ്യമായി നിയമനിർമ്മാണസഭ രൂപംകൊണ്ടു. 1931 ആയിട്ടും ഭൂരിപക്ഷമായ ഈഴവ സമുദായത്തിൽ നിന്നും ഒരാളെപ്പോലും സഭയിൽ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ വിവേകോദയത്തിൽ ആശാൻ വാൾമുനയെക്കാൾ മൂർച്ചയുള്ള വാക്കുകളിൽ നിരന്തരം ലേഖനങ്ങളെഴുതി. ഒടുവിൽ തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ ഈഴവർക്ക് പ്രാതിനിദ്ധ്യം അനുവദിച്ചു.
സഭയിലേക്ക് സമുദായത്തിന്റെ ആദ്യപ്രതിനിധിയായി യോഗം നിയോഗിച്ചത് അവകാശത്തിന് വേണ്ടി ഉറക്കെ ശബ്ദിക്കുമെന്നുറപ്പുള്ള കുമാരനാശാനെയായിരുന്നു. ആ ഉറപ്പ് ആശാൻ തെറ്റിച്ചില്ല. '' കേരളത്തിൽ ഇരപ്പാളികളില്ലാത്ത ഒരു വർഗമുണ്ടെങ്കിൽ അത് ഈഴവരാണ് ''. സവർണ പ്രമാണിമാർക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് ഇങ്ങനെ പറഞ്ഞായിരുന്നു പ്രജാസഭയിൽ കുമാരനാശാന്റെ അരങ്ങേറ്റം. പിന്നാക്കക്കാരുടെ വിദ്യാഭ്യാസ, തൊഴിൽ അവകാശങ്ങൾക്കായി അദ്ദേഹം നിയമനിർമ്മാണ സഭയിൽ നടത്തിയിട്ടുള്ള പ്രസംഗങ്ങളും നൽകിയിട്ടുള്ള നിവേദനങ്ങളും കേരളത്തെ മാറ്റിമറിച്ച നിർണായക ഏടുകളാണ്. യോഗത്തിന് വേഗത്തിൽ കേരളമെമ്പാടും വേരുകളുണ്ടായത് ആശാന്റെ സംഘാടന മികവിലൂടെയാണ്. 15 വർഷത്തിന് ശേഷം അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുമ്പോൾ 1783 അംഗങ്ങളുള്ള ബഹുജന സംഘടനയായി യോഗം മാറിയിരുന്നു. ഗുരുവിന്റെയും ആശാന്റെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളിലൂടെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും അവർണർക്ക് പ്രവേശനം സാദ്ധ്യമാക്കി. സർക്കാർ സർവീസിൽ പല പിന്നാക്കക്കാർക്കും നിയമനം ലഭിച്ചു.
കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ 1924 ജനുവരി 16 പുലർച്ചെ ബോട്ടപകടത്തിൽ അദ്ദേഹം മരണമടഞ്ഞപ്പോൾ നഷ്ടമായത് നവോത്ഥാനത്തിന്റെ ശരവേഗതയും ആ മനസിൽ ബാക്കിനിന്ന മഹാകാവ്യങ്ങളുമാണ്. 'ദുരവസ്ഥ' യിൽ ആശാൻ പാടിയത് പോലെ ശങ്കരാചാര്യരും തുഞ്ചനും കുഞ്ചനുമായി വളരേണ്ട എത്രയോ മഹാപ്രതിഭകളാണ് ജാതിവ്യവസ്ഥയിൽ വെണ്ണീറായിപ്പോയത്. എന്നാൽ ചാതുർവർണ്യത്തിൽ അലസിപ്പോകാതെ അഗ്നിജ്വാലയായി കത്തിപ്പടർന്ന് ആ ദുർവ്യവസ്ഥയുടെ അടിവേരറുക്കുകയായിരുന്നു ആശാൻ. പക്ഷേ ആശാൻ സ്വപ്നം കണ്ട സമത്വകേരളം ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. വേർതിരിവുകളും വിവേചനങ്ങളും അവഗണനകളുമില്ലാത്ത കേരളത്തിന് ആശാന്റെ വരികളും വാക്കുകളും തന്നെയാണ് ഇന്നും ആയുധം.