c

കൊല്ലം: തെരുവുവിളക്ക് പ്രശ്നത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച 'നിലാവ്' പദ്ധതി പരീക്ഷിക്കാനൊരുങ്ങി നഗരസഭ. ഇന്നലെ ചേർന്ന പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകിയത്. തെരുവ് വിളക്കുകൾ സ്ഥിരമായി പ്രകാശിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എൽ.ഇ.ഡികൾ വാങ്ങുന്നതിനും ഘടിപ്പിക്കുന്നതിനുമുള്ള ചുമതല കെ.എസ്.ഇ.ബിക്കാണ്. കേന്ദ്ര ഏജൻസിയായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിനാണ് നിർവഹണ ചുമതല. ഓരോ വർഷവും 500 തെരുവ് വിളക്കുകൾ വീതം എൽ.ഇ.ഡി ആക്കുന്നതാണ് നിലാവിന്റെ പാക്കേജ്. നഗരസഭയ്ക്ക് ഒന്നിലധികം പാക്കേജുകൾ ഒരുമിച്ച് നടപ്പാക്കാം. അതിനാവശ്യമായ തുക വികസന ഫണ്ടിൽ നിന്നും കിഫ്ബിയിലേക്ക് പോകും. അങ്ങനെ വരുമ്പോൾ വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. നഗരപരിധിയിൽ നിലവിൽ 23700 ഓളം പരമ്പരാഗത ലൈറ്റുകളാണുള്ളത്.

നിലാവ് പദ്ധതി

പരമ്പരാഗത തെരുവ് വിളക്കുകൾ മാറ്റി പകരം എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് നിലാവ് പദ്ധതി. സ്ഥാപിക്കേണ്ട ലൈറ്റുകളുടെ വാട്ട്, എണ്ണം എന്നിവ സംബന്ധിച്ച പാക്കേജ് കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമാകും കരാറിലേക്ക് കടക്കുക.

പണം കിഫ്ബിയിൽ നിന്ന്

ലൈറ്റുകൾ വാങ്ങാനും സ്ഥാപിക്കാനുമുള്ള പണം കിഫ്ബിയിൽ നിന്നാണ് നൽകുക. ഈ തുക നഗരസഭയ്ക്കുള്ള വികസന ഫണ്ടിൽ നിന്ന് സംസ്ഥാന സർക്കാർ നേരിട്ട് കിഫ്ബിക്ക് നൽകും. ഏഴ് വർഷം വരെ ലൈറ്റുകളുടെ പരിപാലനം കെ.എസ്.ഇ.ബി നിർവഹിക്കും. അതിന് ശേഷം നഗരസഭ ഏറ്റെടുക്കേണ്ടി വരും.