കൊല്ലം: ഭക്ഷ്യവസ്തുക്കളടക്കം വീട്ടുപടിക്കൽ എത്തുന്ന ഓൺലൈൻ, മൾട്ടിലെവൽ മാർക്കറ്റിംഗ് കാലത്ത് ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധന അനിവാര്യമാണെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ലീഗൽ മെട്രോളജി വകുപ്പ് കൊല്ലം ജില്ലാ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയ കച്ചവടരീതിയും ജനങ്ങളുടെ അഭിരുചിയും മാറി. സൂപ്പർ മാർക്കറ്റുകളുടെയും മാളുകളുടെയും കാലത്ത് സപ്ലൈകോ അടക്കം മാറുകയാണ്. പായ്ക്ക് ചെയ്ത ഉത്പന്നങ്ങളോടാണ് ജനങ്ങൾക്ക് പ്രിയം. അതിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാർ വകുപ്പുകൾക്കുണ്ട്. ആശുപത്രികളിലെ വെയിംഗ് മെഷീൻ സ്റ്റാമ്പ് പതിച്ചതാണോയെന്ന് പരിശോധിക്കണം. നേരത്തെ ഇങ്ങനെ പരിശോധിച്ചപ്പോൾ ഭൂരിഭാഗം വെയിംഗ് മെഷിനുകളും സ്റ്റാമ്പ് ചെയ്തതല്ലെന്നായിരുന്നു കണ്ടെത്തലെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യപ്രഭാഷണം നടത്തി. ലീഗൽ മെട്രോളജി വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ. കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കേരള ഫീഡ്സ് ചെയർമാൻ ഇന്ദുശേഖരൻ നായർ, ലീഗൽ മെട്രോളജി അഡിഷണൽ കൺട്രോളർ റീന ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.