ശ്രീനാരായണഗുരു സർവകലാശാലയ്‌ക്ക് തുക വകയിരുത്തി
കൊല്ലം: ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ ഇടംനേടിയ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്ന നഴ്സിംഗ് കോളേജും കശുഅണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക കൊടുത്തുതീർക്കുമെന്ന പ്രഖ്യാപനവും ജില്ലയ്ക്ക് ലഭിച്ച കാര്യമായ നേട്ടങ്ങളാണ്. പേരെടുത്ത് പറയാവുന്ന പദ്ധതികൾ കൊല്ലത്തിന് ഇക്കുറി ഇല്ല. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആസ്ഥാന നിർമ്മാണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനുമായി തുക വകയിരുത്തിയതും ശ്രദ്ധേയമായ പ്രഖ്യാപനമാണ്.
പാരിപ്പള്ളിയിൽ സ്ഥാപിക്കുന്ന നഴ്‌സിംഗ് കോളേജിനെ വിദേശ നഴ്‌സിംഗ് കോളേജുകളുമായി ബന്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ തൊഴിൽ സാദ്ധ്യത വർദ്ധിക്കുകയും വിദേശ ഭാഷകൾ പഠിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുകയും ചെയ്യും. കശുഅണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക കൊടുത്തുതീർക്കുന്നതിന് 63 കോടി രൂപയാണ് വകയിരുത്തിയത്. കശുഅണ്ടി തൊഴിലാളികളുടെ ഏറെനാളത്തെ പ്രതീക്ഷയാണിത്. 30,000 ടൺ കശുഅണ്ടി ഇറക്കുമതി ചെയ്യുമെന്ന പ്രഖ്യാപനം തൊഴിൽ ദിനങ്ങൾ വർദ്ധിക്കാനിടയാക്കും. 2,000 പേർക്ക് കൂടി കശുഅണ്ടി മേഖലയിൽ തൊഴിൽ നൽകുമെന്നും ബഡ്ജറ്റിലുണ്ട്. കശുമാവ് കൃഷിക്കും തുക വകയിരുത്തിയിട്ടുണ്ട്.
സിറ്റി റോഡ് വികസന പദ്ധതിയിൽ കൊല്ലം നഗരത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് ബ്രിഡ്ജ് പ്രോജക്ടിൽ ജില്ലയിൽ നിന്ന് പുനലൂർ -കോന്നി, പ്ലാച്ചേരി -പൊൻകുന്നം റോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. 80 കിലോമീറ്റർ നീളത്തിലാണ് ഈ റോഡ് നിർമ്മിക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്ക് 25 ശതമാനം സബ്സിഡി
ഓൺലൈൻ മത്സ്യവ്യാപാരത്തിനായി മത്സ്യത്തൊഴിലാളികൾക്ക് ഇ -ഓട്ടോറിക്ഷ വാങ്ങാം. വിലയുടെ 25 ശതമാനം സബ്‌സിഡിയായി നൽകും. മത്സ്യത്തൊഴിലാളികൾ വാങ്ങുന്ന എല്ലാ ഉപകരണങ്ങൾക്കും 25 ശതമാനം സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ റോഡ്
തീരദേശ റോഡുകൾക്ക് 100 കോടി രൂപ വകയിരുത്തിയത് കൊല്ലം തീരദേശ റോഡിനും ലഭ്യമായേക്കും. തീരദേശ മേഖലയുടെ നവീകരണത്തിനും വികസനത്തിനുമായി 193 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് വലിയൊരു ശതമാനം വികസനം കൊല്ലത്തിന് ലഭ്യമാകാനിടയുണ്ട്. തീരമൈത്രി പദ്ധതി പ്രകാരം 5,000 പേർക്ക് കൂടി തൊഴിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തിലും കൊല്ലത്തിന് പ്രതീക്ഷയുണ്ട്.