കൊല്ലം: പ്രതിസന്ധികളെ കേരളം മറികടക്കുമെന്ന പ്രത്യാശയ്ക്ക് ധമന്ത്രി തോമസ് ഐസക് ബഡ്ജറ്റിൽ കുഞ്ഞുപ്രതീക്ഷകളെ കൂട്ടുപിടിച്ചപ്പോൾ കൊല്ലത്തെ രണ്ട് കുട്ടിക്കവികൾ ചരിത്രത്തിലേക്ക് നടന്നുകയറി. ചവറ അയ്യൻകോയിക്കൽ ഗവ. എച്ച്.എസ്.എസിലെ എ.ആർ. കനിഹയുടെയും കോയിക്കൽ ഗവ.എച്ച്.എസ്.എസിലെ അലക്സ് റോബിൻ റോയിയുടെയും കവിതകളിലെ ഭാഗങ്ങളാണ് സംസ്ഥാനത്തെ മറ്റ് കുട്ടിക്കവികളുടേതിനൊപ്പം ബഡ്ജറ്റിൽ ഉദ്ദരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.
മഹാപ്രളയങ്ങളെയും നിപ്പയെയും ഓഖിയെയും മറികടന്ന കേരളം കൊവിഡ് പ്രതിസന്ധികളെയും അതിജീവിക്കുമെന്ന ഇവരുടെ വരികളിലെ ആത്മവിശ്വാസമാണ് മന്ത്രിയുടെ മനസിലുടക്കിയത്. പിന്നെ ഇവ ബഡ്ജറ്റിന്റെ ഭാഗമാക്കി. എസ്.ഇ.ആർ.ടി വിദ്യാർത്ഥികളുടെ കവിതകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ അക്ഷരവൃക്ഷം എന്ന പുസ്തകത്തിൽ ഇരുവരുടെയും കവിതകൾ ഉൾപ്പെട്ടിരുന്നു.
ബഡ്ജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഐസക് കനിഹയെക്കുറിച്ച് സ്കൂളിലെ അദ്ധ്യാപകനെ വിളിച്ച് അന്വേഷിച്ചിരുന്നു. അലക്സിനെ എസ്.ഇ.ആർ.ടി ഡയറക്ടറും ഐസക്കിന്റെ സെക്രട്ടറിയും വിളിച്ചു. പക്ഷെ മന്ത്രി തങ്ങളുടെ വരികൾ നിയമസഭയിൽ ചൊല്ലുമെന്നോ, അത് കേരളമാകെ കേൾക്കുമെന്നോ മാത്രം ഇരുവരും നിനച്ചില്ല.
എ.ആർ. കനിഹ
സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്താനാണ് ധനമന്ത്രി ഉദ്ദരിച്ച വരികളടങ്ങിയ 'കൊറോണ ലോകം' എന്ന കവിത എഴുതിയത്. പിന്നെ അത് അക്ഷരവൃക്ഷത്തിലും ഉൾപ്പെട്ടു. കൊവിഡ് കാലത്ത് തിരക്കുകളെല്ലാം ഉപേക്ഷിച്ച് വീട്ടിലൊതുങ്ങിയ മനുഷ്യന്റെ അവസ്ഥയും പ്രതീക്ഷകളുമാണ് കവിതയുടെ പ്രമേയം. കനിഹ എഴുതിയ ആദ്യ കവിത കൂടിയാണിത്. തേവലക്കര മൊട്ടയ്ക്കൽ വെട്ടത്തുവീട്ടിൽ തയ്യൽക്കാരനായ അനിൽകുമാറിന്റെയും രജിതയുടെയും മകളാണ് കനിഹ. മൂന്ന് വയസുകാരൻ ശ്രീലാജ് സഹോദരനാണ്.
അലക്സ് റോബിൻ റോയി
ഓൺലൈൻ ക്ലാസിനിടെ ടീച്ചർ കൊവിഡിനെക്കുറിച്ചൊരു കവിതയെഴുതാൻ എല്ലാവരോടും ആവശ്യപ്പെട്ടു. അങ്ങനെയാണ് ബഡ്ജറ്റ് പ്രസംഗത്തിൽ ഇടപിടിച്ച അലക്സിന്റെ 'വീണ്ടെടുക്കും' എന്ന കവിതയുടെ പിറവി. അദ്ധ്യാപകർക്കെല്ലാം കവിത ഇഷ്ടപ്പെട്ടതോടെ അക്ഷരവൃക്ഷത്തിൽ ഉൾപ്പെടുത്താൻ അയച്ചു. കേരളപുരം മാമൂട് എം.ആർ ഭവനിൽ പ്രവാസിയായ റോയി വർഗീസിന്റെയും ആശാ വർക്കറായ മറിയം റോയിയുടെയും മകനാണ്.