കരുനാഗപ്പള്ളി :കൃഷിപാഠം ഗൃഹപാഠം എന്ന പദ്ധതിയുടെ ഭാഗമായി കൊവിഡ് കാലയളവിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്ത വിഷരഹിത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. കൊവിഡിന്റെ പ്രതിസന്ധികളെ മറികടക്കാൻ വിദ്യാർത്ഥികളെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ മാട്ടുപ്പാവിൽ കൃഷി ഇറക്കാൻ തയ്യാറായത്. ഇതോടൊപ്പം സ്കൂളിൽ പഠിക്കുന്ന 2000 ത്തോളം കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി ചെയ്യിച്ചിരുന്നു. ഇതിന്റെ വിളവെടുപ്പ് അടുത്ത ദിവസങ്ങളിൽ നടത്തുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഗ്രോബാഗുകൾ തയ്യാറാക്കിയതും കുട്ടികൾ
സ്കൂളിലെ മട്ടുപ്പാവിൽ ഗ്രോബാഗുകളിലാണ് കൃഷി ഇറക്കിയത്. തക്കാളി, വെണ്ട, കോളി ഫ്ലവർ, കാരറ്റ്, ബജി മുളക്, മത്തൻ, പച്ചമുളക് തുടങ്ങി വിവിധയിനങ്ങളാണ് കൃഷി ചെയ്തത്. സ്കൂളിലെ കാർഷിക ക്ലബാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ 6 വർഷമായി കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നതായി കോ- ഓർഡിനേറ്റർ മോഹനൻ പറഞ്ഞു. എന്നാൽ വിപുലമായി പച്ചക്കറി കൃഷി ചെയ്യുന്നത് ആദ്യമായാണ്. സ്കൂൾ ഭക്ഷണ ശാലയിൽ നിന്നുള്ള വേസ്റ്റുകൾ കമ്പോസ്റ്റ് വളമാക്കി കൃഷിക്കായി ഉപയോഗിച്ചിരുന്നു.പച്ചക്കറി കൃഷിക്ക് ആവശ്യമായ ഗ്രോബാഗുകൾ തയ്യാറാക്കിയതും കുട്ടികൾ തന്നെയായിരുന്നു.
സാമൂഹ്യ അടുക്കളയിലേക്ക് പച്ചക്കറി നൽകി
കൊവിഡ് കാലയളവിൽ സ്കൂളിൽ 45 ദിവസം പ്രവർത്തിച്ച സാമൂഹ്യ അടുക്കളയിലേക്ക് മട്ടുപ്പാവ് കൃഷിയിൽ നിന്നുള്ള ജൈവ പച്ചക്കറികൾ നൽകിയിരുന്നു.സ്കൂൾ മട്ടുപ്പാവിലെ കാർഷിക പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം കാപ്പക്സ് ചെയർമാൻ പി .ആർ .വസന്തൻ നിർവഹിച്ചു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ. ശ്രീലത, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി മീന, കൃഷി ഓഫീസർ വീണ വിജയൻ, പ്രഥമാദ്ധ്യാപകൻ കെ. ശ്രീകുമാർ അദ്ധ്യാപകരായ മോഹനൻ, മുരളി തുടങ്ങിയവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.