c
മൺറോത്തുരുത്തിലെ റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊല്ലം പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചപ്പോൾ

കൊല്ലം: കുണ്ടറ - മൺറോത്തുരുത്ത് റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ചിറ്റുമലയിലെ റോഡും കൊല്ലം പൊതുമരാമത്ത് ഓഫീസും ഉപരോധിച്ചു. കുണ്ടറയിൽ നിന്നുള്ള റോഡിന്റെ മൺറോത്തുരുത്തിലെ ഭാഗം നവീകരണത്തിനായി മൂന്ന് വർഷം മുൻപ് ഇളക്കിയിട്ടതാണ്. അതിന് ശേഷം കരാറുകാരനെയും ഉദ്യോഗസ്ഥരെയും ഈ വഴിക്ക് കണ്ടിട്ടില്ല. നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നിർമ്മാണം പുനരാരംഭിക്കാത്തതോടെയാണ് സി.പി.എം പ്രവർത്തകർ ഇന്നലെ രാവിലെ 10.30ന് ചിറ്റുമലയിൽ റോഡ് ഉപരോധിച്ചത്. 12 മണിയോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. ഉച്ചയ്ക്ക് ഒന്നരയോടെ സി.പി.എം പ്രവർത്തകർ കൊല്ലത്തെത്തി പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. ചിറ്റുമല മുതൽ നവീകരണം ആരംഭിക്കാമെന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനം സമരക്കാർ അംഗീകരിച്ചില്ല. മൺറോത്തുരുത്തിലെ നവീകരണം ഉടൻ ആരംഭിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ സമരം നീണ്ടു. വൈകിട്ട് ആറരയോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു കരുണാകരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം സഹദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.