കൊല്ലം: ബാലെ എന്ന നൃത്തനാടകത്തിലൂടെ ഉത്സവപ്പറമ്പുകളെ ഇളക്കിമറിച്ച അനുഗ്രഹീത കലാകാരൻ ആനയടി ശിവൻകുട്ടി ഇന്ന് കുടുംബം പോറ്രാൻ കൂലിവേല ചെയ്യുന്നു. പുരാണകഥകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അടക്കത്തോടെ അവതരിപ്പിച്ച് കാണികളെ വിസ്മയിപ്പിച്ച കാലം ഇദ്ദേഹത്തിന് ഇന്ന് ഓർമ്മകൾ മാത്രമാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട അനേകം കലാകാരന്മാരിൽ ഒരാളാണ് അടൂർ പള്ളിക്കൽ വില്ലേജിൽ തോട്ടുവ ഗവ. എൽ.പി.എസിന് സമീപം പ്രശാന്ത് ഭവനത്തിൽ ബി. ശിവൻപിള്ള എന്ന ആനയടി ശിവൻകുട്ടി. പതിനെട്ട് വയസ് മുതൽ കഴിഞ്ഞ 28 വർഷമായി നൃത്തനാടകരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് വരെ തിരുവനന്തപുരം അഥീന ക്രിയേഷൻസിന്റെ 'ശ്രീമഹാമായ' എന്ന ബിഗ് ബഡ്ജറ്റ് നാടകത്തിലെ അഭിനേതാവായിരുന്നു.
ഹരിപ്പാട് സുദർശനൻ, എണ്ണയ്ക്കാട്ട് നാരായണൻകുട്ടി എന്നിവരുടെ നാടക ട്രൂപ്പുകളിലും തിരുവനന്തപുരം ആവണി, കൈരളി വിഷൻ, കീർത്തി കമ്മ്യൂണിക്കേഷൻ, ശിവരഞ്ജിനി തുടങ്ങിയ നൃത്തനാടക ട്രൂപ്പുകളിലും വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. മികച്ച തുന്നൽക്കാരൻ കൂടിയായ ശിവൻകുട്ടി നാടകത്തിനും നൃത്ത നാടകങ്ങൾക്കുമുള്ള ഡ്രസുകളും തുന്നിക്കൊടുക്കാറുമുണ്ടായിരുന്നു. ഇത്തരത്തിൽ കലാമേഖലകളിൽ നിന്ന് ലഭിച്ചിരുന്ന വരുമാനം മാത്രമായിരുന്നു ശിവൻകുട്ടിയുടെയും കുടുംബത്തിന്റെയും ആശ്രയം.
ഉത്സവങ്ങൾക്കും പള്ളിപ്പെരുന്നാളുകൾക്കും നിരോധനമേർപ്പെടുത്തിയതോടെ 82 വയസുള്ള മാതാവിന്റെയും രണ്ട് ആൺമക്കളുടെയും ഏക അത്താണിയായ ശിവൻകുട്ടിക്കും മറ്റു ജോലികൾ തേടേണ്ടിവന്നു. 28 വർഷങ്ങൾക്ക് മുമ്പ് ഭാര്യ രത്നമ്മ മരണപ്പെട്ടെങ്കിലും പിന്നീട് വിവാഹിതനായില്ല. പ്രശാന്ത്കുമാർ, പ്രദീപ്കുമാർ എന്നിവരാണ് ശിവൻകുട്ടിയുടെ മക്കൾ.