കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കുവാൻ നിയമസഭയിൽ വിഷയം അവതരിപ്പിച്ച് കെ.ബി.ഗണേശ് കുമാർ എം.എൽ.എ. ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ നേരിട്ടെത്തി പരിശോധിയ്ക്കുമെന്ന് മന്ത്രി ജി.സുധാകരൻ ഉറപ്പ് നൽകി. കൊട്ടാരക്കര പട്ടണത്തിൽ ചെറിയ മഴപെയ്താൽപോലും റോഡ് നിറയെ വെള്ളക്കെട്ടാണെന്ന് കേരളകൗമുദി നിരന്തരം വാർത്ത നൽകിയിരുന്നു. ഓരോ മഴ പെയ്യുമ്പോഴും ഇവിടുത്തെ വ്യാപാരികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകൾ ഏറി വരികയാണ്. കൊല്ലം- തിരുമംഗലം ദേശീയ പാത നവീകരണത്തിന്റെ ഭാഗമായി രണ്ട് കോടി രൂപ മുടക്കി ഓട നവീകരിച്ചെങ്കിലും ഇതിന്റെ യാതൊരു ഗുണവും ചന്തമുക്കിന് ലഭിച്ചിട്ടില്ല.
മഴ പെയ്താൽ മുട്ടൊപ്പം വെള്ളം
കനത്ത മഴയായാൽ മുട്ടൊപ്പം വെള്ളം റോഡിൽ നിറയും. വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്ന സ്ഥിതിയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിക്കുന്നതും പതിവാണ്. സാധനങ്ങൾ മിക്കതും ഈ വിധത്തിൽ നശിച്ചുപോകുന്നു. പുത്തൂർ റോഡിൽ നിന്ന് വരുന്ന വെള്ളവും ദേശീയപാതയിൽ കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. ഓട നവീകരിച്ചെങ്കിലും ഇതിലേക്ക് വെള്ള ഇറങ്ങില്ല.
പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷ
കെ.ബി.ഗണേശ് കുമാർ എം.എൽ.എ കൊട്ടാരക്കര ചന്തമുക്കിന്റെ വെള്ളക്കെട്ടാണ് പ്രധാനമായും ഉന്നയിച്ചതെങ്കിലും പുനലൂർ വരെയുള്ള ദേശീയപാതയുടെ ഓടകളുടെ അപാകതകളും വിവരിച്ചു. നവീകരണ ജോലികൾ നടന്നുവരുന്ന ഘട്ടമായതിനാൽ പരിഹാര നടപടികളും ഉടനുണ്ടായേക്കും. ചീഫ് എൻജിനീയർക്ക് സ്ഥലം നേരിൽ സന്ദർശിക്കാൻ മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിട്ടുണ്ട്.