കൊല്ലം: ജില്ലയിൽ രണ്ടിടങ്ങളിലായി ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് സംഭവസ്ഥലത്ത് വച്ചുതന്നെ ദാരുണാന്ത്യം. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കുണ്ടറ ചന്ദനത്തോപ്പിലും വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ കൊട്ടാരക്കരയിലുമാണ് അപകടങ്ങൾ നടന്നത്.
ചന്ദനത്തോപ്പിൽ ലോറിക്കടിയിൽപ്പെട്ട് കരിക്കോട് എൻജിനിയറിംഗ് കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം ചകിരിക്കട അൽഅമീൻ നഗർ 26ൽ (കുറവന്റഴികത്ത്) സലിമാണ് (47) മരിച്ചത്. കൊട്ടാരക്കരയിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കൊട്ടാരക്കര ഈയംകുന്ന് കൊച്ചുകിഴക്കതിൽ കാർമ്മൽ ഭവനത്തിൽ ജോൺ മാത്യുവാണ് (68) മരിച്ചത്.
കരിക്കോട് ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് ബൈക്കിൽ വരികയായിരുന്ന സലിം, മറികടന്നെത്തിയ ചരക്ക് ലോറിയിൽത്തട്ടി ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. പിൻവീലുകൾ കയറിയിറങ്ങിയത് മരണത്തിനിടയാക്കി. സൗദി അറേബ്യയിലെ മദീനയിൽ പാചകക്കാരനായിരുന്ന സലിം മൂന്ന് മാസം മുൻപാണ് അവധിക്കെത്തിയത്. ഈ മാസം തിരികെപ്പോകാനിരിക്കെയാണ് അപകടമുണ്ടായത്.
കൊട്ടാരക്കരയിൽ പുലമൺ ആര്യാസ് ഹോട്ടലിന് മുന്നിലായിരുന്നു രണ്ടാമത്തെ അപകടം. കൊട്ടാരക്കര നിന്ന് എം.സി റോഡ് വഴി വീട്ടിലേക്ക് പോവുകയായിരുന്ന ജോൺ മാത്യുവിന്റെ സ്കൂട്ടറിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ജോൺ മാത്യുവിന്റെ ശരീരത്തിൽ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട് നടക്കും.
ബീമയാണ് സലിമിന്റെ ഭാര്യ. സെമിന, സുൽത്താന, സെയ്ദലി എന്നിവർ മക്കളും ജെ. നിയാസ്, എസ്. നിയാസ് എന്നിവർ മരുമക്കളുമാണ്. റോസമ്മയാണ് ജോൺ മാത്യുവിന്റെ ഭാര്യ. ഫേബ, ലുധിയ, കെസിയ എന്നിവർ മക്കളും.