കൊല്ലം: ചന്ദനത്തോപ്പിൽ ലോറിക്കടിയിൽപ്പെട്ട് ഗൃഹനാഥൻ മരിക്കാനിടയായ അപകടത്തിന് കാരണം വാഹനപരിശോധനയാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊലീസിനെ തടഞ്ഞുവച്ചത് പ്രദേശത്ത് സംഘർഷാവസ്ഥയും ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. രണ്ട് മണിക്കൂറോളം പൊലീസിനെ തടഞ്ഞുവച്ച പ്രതിഷേധക്കാരെ റൂറൽ അഡിഷണൽ എസ്.പി എസ്. മധുസൂദനൻ എത്തിയാണ് അനുനയിപ്പിച്ചത്. സമീപത്തെ ഗൃഹോപകരണ സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങൾ ഇവരെ കാണിച്ചാണ് പൊലീസ് അപകടത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയത്. പൊലീസ് വാഹനം തടഞ്ഞതിനും റോഡ് ഉപരോധിച്ചതിനും നാൽപ്പതോളം പേർക്കെതിരെ കേസെടുത്തതായി കുണ്ടറ പൊലീസ് അറിയിച്ചു.