ganesh-mla
കുന്നിക്കോട് കേരളാ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്രുമുട്ടിയപ്പോൾ

 സംഭവം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ

കൊല്ലം: കുന്നിക്കോട് ഉദ്ഘാടന ചടങ്ങിനെത്തിയ കെ.ബി. ഗണേശ് കുമാർ എം.എൽ.എയ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ്, കേരളാ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പ്രദേശം കലാപകലുഷിതമായി. എം.എൽ.എയുടെ പി.എ കോട്ടാത്തല പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം യൂത്ത് കോൺഗ്രസുകാരെ മർദ്ദിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. സംഭവ സമയം പൊലീസും സ്ഥലത്തുണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കുന്നിക്കോട് കോക്കാടാണ് സംഭവം. കോക്കാട് ക്ഷീര സംഘത്തിന്റെ ഉദ്ഘാടന ചടങ്ങിനാണ് ഗണേശ് കുമാറും സംഘവും സ്ഥലത്തെത്തിയത്. നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രദീപും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. ഉദ്ഘാടന സ്ഥലത്തേക്ക് എം.എൽ.എ വന്നസമയം പ്ളക്കാർഡുകളും കരിങ്കൊടിയുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. ഇതോടെ എം.എൽ.എയുടെ വാഹനത്തിലും അകമ്പടി വാഹനത്തിലും ഉണ്ടായിരുന്ന കേരളാ കോൺഗ്രസുകാർ പുറത്തേക്കിറങ്ങിയതോടെ സംഘർഷമുണ്ടായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. എം.എൽ.എയ്ക്കെതിരെ പ്രദേശത്ത് പോസ്റ്റർ പ്രചാരണവും നടത്തിയിരുന്നു. ഗണേശ് കുമാർ വാഹനത്തിലിരിക്കെ അക്രമം നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസും കുരുക്കിലായി.

എം.എൽ.എയെ തടഞ്ഞതിന് യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.