bus

 ഡ്രൈവർമാരുടെ ഒഴിവ് നികത്തുന്നില്ല

കൊല്ലം: ജില്ലയിലെ ഒൻപത് ഡിപ്പോകളിലും ഡ്രൈവർമാരുടെ ക്ഷാമം മൂലം സർവീസുകൾ വെട്ടിക്കുറച്ചിട്ടും ഒഴിവുകൾ നികത്തുന്നില്ല. ജില്ലയിൽ അധികമുള്ള ഡ്രൈവർമാരെ ജോലിക്രമീകരണത്തിന്റെ ഭാഗമായി വിവിധ ഡിപ്പോകളിലേക്ക് അയച്ചെങ്കിലും ഡ്രൈവർമാരെ നിയമിക്കാത്തത് സർവീസുകളെ ബാധിച്ചിട്ടുണ്ട്.

എല്ലാ സർവീസുകളും നാളെ മുതൽ പുനരാംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ആവർത്തിക്കുമ്പോഴും നിലവിൽ എല്ലാ സർവീസുകളും കൃത്യമായി നടത്തുന്ന ഒരു ഡിപ്പോ പോലും ജില്ലയിലില്ല. കണക്കുകൾ പ്രകാരം ജില്ലയിൽ 46 ഡ്രൈവർമാരുടെ കുറവുണ്ട്. ഓഫ് ഡ്യൂട്ടി, മെഡിക്കൽ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലുള്ള അവധിയിലുള്ളവരെ കൂടി കണക്കിലെടുത്താലും ഡ്രൈവർമാരുടെ എണ്ണം തികയില്ല.

ജില്ലയിലെ ഒൻപത് ഡിപ്പോകളിൽ നിന്നായി 527 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിൽ ഇരുന്നൂറോളം സർവീസുകൾ കടലാസിൽ മാത്രമാണ്.

 പുതിയ നിയമനത്തിന് കാക്കണം

കണക്കുകൾ പ്രകാരം ജില്ലയിൽ 324 കണ്ടക്ടർമാർ അധികമാണ്. ബസ് - ജീവനക്കാർ അനുപാതം 1.8 എന്ന തരത്തിലാകുമ്പോൾ പുതിയ നിയമനം നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഇപ്പോഴും അധികൃതർ. ഇതിന് ഏകദേശം അഞ്ചുവർഷത്തിലധികം വേണ്ടിവരും. മാർച്ചിൽ വിരമിക്കുന്ന ഡ്രൈവർമാരുടെ എണ്ണം കൂടിയെടുക്കുമ്പോൾ ഭാവിയിൽ സർവീസുകൾ പ്രതിസന്ധിയിലാകും.

(പൂർണമായി സർവീസ് നടത്തിയാലുള്ള കണക്ക് )


ഡിപ്പോ - ബസുകളുടെ എണ്ണം - ഡ്രൈവർ - കണ്ടക്ടർ

(ജനുവരി ഒന്നിനുള്ള കണക്ക്)


ചടയമംഗലം - 47- 87- 120
ചാത്തന്നൂർ - 46 - 84 - 126
കരുനാഗപ്പള്ളി - 73 - 152 - 209
കുളത്തൂപ്പുഴ - 32 - 49 -59
കൊല്ലം - 99 -183 - 273
കൊട്ടാരക്കര - 106 - 174 -265
പത്തനാപുരം - 47 - 60- 83
പുനലൂർ - 62 -88 -113
ആര്യങ്കാവ് - 15 - 27 - 26

''

സ്ഥലം മാറ്റത്തിലൂടെയോ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായോ മറ്റ് ജില്ലകളിൽ നിന്ന് ഡ്രൈവർമാരെ എത്തിച്ച് സർവീസുകൾ പൂർണമായി നടത്താൻ നടപടി സ്വീകരിക്കണം.

യാത്രക്കാർ