പുനലൂർ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജീവനം, ജീവധനം പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി കുഞ്ഞുങ്ങളെ നൽകുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെയും ഒരു കിലോ തീറ്റയും നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അരക്കോടി രൂപയാണ് പദ്ധതികൾക്കായി ചെലവഴിക്കുന്നത്. ഇതിൽ 3.17ലക്ഷം രൂപയുടെ മുട്ടക്കോഴി കുഞ്ഞുങ്ങളെയും തീറ്റയും വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രം വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി.
കേരള വെറ്ററിനറി സർവകലാശാലയും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസും കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. പുനലൂർ നഗരസഭാ ചെയർപേഴ്സൺ നിമ്മി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഉപാദ്ധ്യക്ഷൻ വി.പി. ഉണ്ണിക്കൃഷ്ണൻ, കേരള വെറ്റിനറി യൂണിവേഴ്സിറ്റി ലെയ്സൺ ഓഫീസർ ലാലു, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഡി.ദിനേശൻ, വാർഡ് കൗൺസിലർ നാസില ഷാജി, പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ എൻ. കോമളകുമാർ, സ്കൂൾ പ്രഥമാദ്ധ്യാപിക എം.സുജ, എൻ.എസ്.എസ് റീജിയണൽ ഓഫീസർ വി.എസ്.ബിജു, എൻ.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റർ കെ.എസ്.ആനന്ദ്, പുനലൂർ ഡി.ഇ.ഒ അംബിക, പി.ടി.എ വൈസ് പ്രസിഡന്റ് ദീപു, മാതൃസമിതി പ്രസിഡന്റ് ലൈസ ബോവാസ്, സ്റ്റാഫ് സെക്രട്ടറി കെ.സജിത്ത് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.പി.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.വിനോദ് ജോൺ റിപ്പോർട്ടും എൻ.എസ്.എസ് സ്റ്റേറ്റ് കോ-ഓഡിനേറ്റർ പി.രഞ്ജിത്ത് സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് നന്ദിയും പറഞ്ഞു. തുടർന്ന് അവാർഡ് വിതരണവും നടന്നു.