കൊട്ടാരക്കര: ബി.ജെ.പി നെടുവത്തൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് എൻ.ശിവരാമൻ തൽസ്ഥാനം രാജിവച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല വാർഡിൽ ഇദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ച വാർഡിൽ ഇത്തവണ ഇടത് മുന്നണി സ്ഥാനാർത്ഥിയായ എസ്.ത്യാഗരാജൻ 466 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശിവരാമനെ പരാജയപ്പെടുത്തിയത്. ഇതിന് ശേഷം പാർട്ടിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായപ്പോഴാണ് ശിവരാമൻ രാജിവയ്ക്കാൻ തീരുമാനിച്ചത്. നാല് വർഷമായി പ്രസിഡന്റായി തുടർന്നുവരികയായിരുന്നു. പഞ്ചായത്തിൽ ബി.ജെ.പിയ്ക്ക് ഏഴ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ അവസരമുണ്ടായ സാഹചര്യം നിലനിൽക്കുമ്പോഴും തന്നെ ഒറ്റപ്പെടുത്തുന്നതായി ആരോപിച്ചാണ് രാജി.