kollam

കൊല്ലം: ഭീകരരൂപിയായി അനേകമാളുകളുടെ ജീവൻ അപഹരിച്ച വൈറസിനെ തളച്ചിടാൻ രാജ്യം കൊവിഡ് വാക്സിനിലൂടെ പ്രതിരോധം തീർക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചു.

വസൂരിയെ പിടിച്ചുകെട്ടാനാകാതെ ജീവനുള്ള മനുഷ്യരെ പായയിൽ പൊതിഞ്ഞ് പുരയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കിപ്പുറം, വൈദ്യശാസ്ത്രം ഉയരങ്ങൾ താണ്ടുന്ന വേളയിലാണ് ലോകത്തെയാകെ വിറപ്പിച്ച് കൊവിഡ് എന്ന കൊലയാളി പിടിമുറുക്കിയത്. ഇന്നിതാ ആ പിശാചുരൂപിയെയും പിടിച്ചുകെട്ടാൻ മരുന്നായി.

ഈ വേളയിൽ ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട് നാം. കൊവിഡിനെ പിടിച്ചുകെട്ടാൻ ഇല്ലം മറന്ന് അദ്ധ്വാനിച്ചവരെ മറന്നാൽ,​ അത് കാലത്തോട് ചെയ്യുന്ന നന്ദികേടാണ്. ജില്ലാ കളക്ടർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം ഒറ്റക്കട്ടായി പോരാടിയാണ് വൈറസിന്റെ പിടിയിൽ നിന്ന് നമ്മെ കാത്തത്. സ്വജീവൻ മറന്ന് ചികിത്സ നൽകിയ ഡോക്ടർമാർ,​ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് രാവും പകലും കാവൽ നിന്ന നഴ്‌സുമാർ,​ ഫാർമസിസ്റ്റുകൾ,​ ആംബുലൻ ഡ്രൈവർമാർ, സർക്കാർ ഉദ്യോഗസ്ഥർ,​ ജനപ്രതിനിധികൾ,​ സന്നദ്ധപ്രവർത്തകർ.... ദൈവതുല്യരാണ് ഇവർ നമുക്ക്.

'അണ്ണാൻ കുഞ്ഞിനും തന്നാലായത്' എന്ന പഴമൊഴിയെ അന്വർത്ഥമാക്കുന്നത് പോലെ ഓരോരുത്തരും അവരവർക്കാവുന്നത് നമുക്കായി ചെയ്തു. ഈ നാടിന്റെ തുടർച്ചയ്ക്കും വരുംതലമുറയുടെ രക്ഷയ്ക്കായും അവർ ചെയ്ത ത്യാഗങ്ങൾക്ക് മതിയായതല്ല അവർക്ക് കിട്ടിയ വേതനം. നാടിന് കരുതലായപ്പോൾ കൊവിഡിന് അടിപ്പെട്ടുപോയവരുണ്ട്. മരണത്തെ മുഖാമുഖം കണ്ടവരുണ്ട്. ആഴ്ചകളോളം കുടുംബാംഗങ്ങളെ കാണാതെ കഴിയേണ്ടി വന്നവരുണ്ട്. ചെയിൻ മുറിയാതെ കാത്തപ്പോൾ കാലിടറിയവരുണ്ട്. ഇവരെ നാം എത്ര നമിച്ചാലും അധികമാവില്ല. ആയിരം കൂപ്പുകൈകളോടെ ഒരുമിച്ച് നമിക്കാം, നമ്മെ കാത്തതിന്. ഇനി അവരുടെ അദ്ധ്വാനത്തിന് ശമനമാവുകയാണ്. ഹൃദയത്തിൽ നമിച്ച് നമുക്കും പ്രത്യാശിക്കാം ഒരുനോവും കുറയാതിരുന്നിട്ടില്ല...