toll

 ബെെപ്പാസിൽ സി.പി.എം കൊടി കുത്തി

കൊല്ലം: ബൈപ്പാസിൽ ടോൾ പിരിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ തുടങ്ങി. ടോൾ ബൂത്തുകളുടെ നിർമ്മാണവും ഇലക്ട്രോണിക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതും പൂർത്തിയായി. വാഹനങ്ങൾ തടഞ്ഞുനിറുത്തുന്ന ബാരിയറുകൾ സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ടോൾ പിരിക്കാനുള്ള അവസാന ഉത്തരവിനായി കാത്തിരിക്കുകയാണ് കരാറുകാർ. മൂന്ന് ദിവസത്തിനുള്ളിൽ ഉത്തരവ് ഉണ്ടാകുമെന്നാണ് സൂചന.

ആറ് ട്രാക്കുകളിലായി ആറ് ബൂത്തുകൾ വഴിയാണ് ടോൾ പിരിക്കുക. ഫാസ്റ്റ് ടാഗ് കൗണ്ടറുകളാണെങ്കിലും ആദ്യഘട്ടത്തിൽ എല്ലായിടത്തും ടോക്കൺ പിരിവ് ഉണ്ടാകും.

ആദ്യദിവസം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവർത്തനമെങ്കിലും അന്നുതന്നെ പൂർണമായ രീതിയിൽ ടോൾ പിരിവ് ആരംഭിക്കും.

 സ്ഥാപിച്ചത്


1. ഫാസ്റ്റ് ടാഗ് സെൻസറുകൾ ആറ്

2. ക്യാമറകൾ 12

3. ആറ് ട്രാക്കിലും സിഗ്നൽ സംവിധാനം

4. ദേശീയപാത അതോറിറ്റിയുടെ ബോർഡുകൾ

5. ഫാസ്റ്റ് ടാഗ് ലൈൻ ബോർഡുകൾ

6. ആറ് കമ്പ്യൂട്ടറുകൾ

7. ഇലക്ട്രോണിക് പ്രിന്ററുകൾ

 സമരവേലിയേറ്റം

ടോൾ പിരിവ് എതിർത്ത് വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ ടോൾ പ്ളാസയിൽ സമരപരിപാടികൾ നടന്നിരുന്നു. ടോൾ പിരിവ് ആരംഭിക്കുന്ന ദിവസം സമരവും പ്രതിഷേധവും ശക്തമാകാനാണ് സാദ്ധ്യത. ടോൾ ബൂത്തുകൾക്ക് മുന്നിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൊടിനാട്ടി. സംഘർഷ സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.