കരുനാഗപ്പള്ളി: ടി.എസ് കനാലിന്റെ തീരങ്ങളിൽ നിർമ്മിച്ച ചീപ്പുകളിലൂടെ ഉപ്പുവെള്ളം കയറി ഇടവിളക്കൃഷി നശിക്കുന്നതായി പരാതി. ടി.എസ് കനാൽ കടന്നുപോകുന്ന ക്ലാപ്പന, കുലശേഖരപുരം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കാർഷിക മേഖലയുടെ പുരോഗതിക്കായി കർഷകരുടെ ആവശ്യപ്രകാരം ചീപ്പുകൾ നിർമ്മിച്ചത്. നെൽക്കൃഷിക്ക് സമയമാകുമ്പോൾ നിലം ഉഴുതുമറിക്കുന്നതിന് മുന്നോടിയായി കായലിൽ നിന്നുള്ള നല്ല വെള്ളം ചീപ്പുകളിലൂടെ നിലങ്ങളിലേക്ക് കടത്തിവിടാറുണ്ടായിരുന്നു. ഉപ്പുവെള്ള സീസൺ ആരംഭിക്കുമ്പോൾ ചീപ്പിന്റെ പൊഴികളിൽ തടികൾ കൊണ്ടുള്ള ഷട്ടറുകൾ നിരത്തി മണ്ണുകൊണ്ട് ബണ്ടുകെട്ടിയാണ് ഉപ്പു വെള്ളത്തിന്റെ കടന്നു കയറ്റം തടയുന്നത്. നെൽക്കൃഷി കുറഞ്ഞതോടെയാണ് ചീപ്പുകളുടെ കഷ്ടകാലം തുടങ്ങിയത്. കരുനാഗപ്പള്ളിയിൽ ഒന്ന്, കുലശേഖരപുരത്ത് അഞ്ച്, ക്ലാപ്പനയിൽ രണ്ട് എന്നിങ്ങനെയാണ് ചീപ്പുകളുടെ എണ്ണം. കരുനാഗപ്പള്ളി നഗരസഭയുടെ ഒന്നാം വാർഡിന്റെ പരിധിയിൽ വരുന്ന മണ്ണേൽക്കടവ് ചീപ്പിലെ പൊഴികൾ നാട്ടുകാർ മണ്ണിട്ടുനികത്തി ഉപ്പുവെള്ളത്തിന്റെ വരവിനെ തടഞ്ഞു. മറ്റുള്ള ഗ്രാമ പഞ്ചായത്തുകളിൽ ചീപ്പുകൾ തുറന്ന് കിടക്കുന്നതിനാൽ ഉൾപ്രദേശങ്ങളിലേക്ക് ഉപ്പുവെള്ളം കയറി ഇടവിളക്കൃഷി നശിക്കുകയാണ്.
ചീപ്പിന്റെ പൊഴികൾ അടയ്ക്കുന്നില്ല
ചീപ്പുകൾ നിർമ്മിക്കുമ്പോൾ തന്നെ ഉപ്പുവെള്ളം തടയുന്നതിനാവശ്യമായ ഷട്ടറുകളും നിർമ്മിക്കുമായിരുന്നു. ഉപ്പുവെള്ള സീസണിൽ കർഷക സമിതികളും ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും മുൻകൈ എടുത്ത് ചീപ്പിന്റെ പൊഴികൾ അടയ്ക്കുന്നത് പതിവായിരുന്നു. ഇതെല്ലാം നിലച്ചിട്ട് വർഷങ്ങൾ ഏറെയായി. നിലവിൽ ചീപ്പിന്റെ പൊഴികൾ 365 ദിവസവും തുറന്നുതന്നെ കിടക്കുകയാണ്. ഇതോടെയാണ് കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് പതിവായത്.
മത്സ്യക്കൃഷിക്കും നാശം
വേലിയേറ്ര സമയങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് മത്സ്യക്കൃഷിക്കും വ്യാപകമായ നാശം സംഭവിച്ചെന്ന് കർഷകർ പറയുന്നു. കൃഷി നശിക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് മതിയായ ധനസഹായം ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയാൻ കായൽ തീരങ്ങളിലുള്ള ചീപ്പുകളിൽ ഷട്ടർ നിരത്തി മണ്ണിട്ട് ബണ്ട് നിർമ്മിക്കുന്നതിനുള്ള ശ്രമം ബന്ധപ്പെട്ട അധികൃതർ കൈക്കൊള്ളണമെന്നാണ് കർഷകരുടെ ആവശ്യം.
ചീപ്പുകളുടെ എണ്ണം
കരുനാഗപ്പള്ളിയിൽ - 1
കുലശേഖരപുരത്ത് - 5
ക്ലാപ്പനയിൽ - 2