tehnmala
ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ വ്യൂ ടവർ

സഞ്ചാരികൾക്ക് പ്രവേശനമില്ല

തെന്മല : കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ വ്യൂ ടവർ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. കഴിഞ്ഞ വർഷം മാർച്ച്‌ മാസത്തോടെ കൊവിഡിനെ തുടർന്നാണ് ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ വ്യൂ ടവർ അടച്ചത്. തെന്മല ഇക്കോടൂറിസമടക്കം മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഒക്ടോബർ മാസത്തോടെ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിരുന്നു. എന്നാൽ ലോക്ക്ഡൗൺ സമയത്ത് അടച്ചുപൂട്ടിയ തെന്മല ഒറ്റക്കൽ ലുക്ക്‌ഔട്ട്‌ ടവർ തുറക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ലുക്ക് ഔട്ട് പവലിയനിൽ നിന്നാൽ കിലോമീറ്ററുകൾക്കപ്പുറമുള്ള കല്ലടയാറും വനവും മലനിരകളും എണ്ണപ്പന തോട്ടവും ദൃശ്യമാകും. ഒറ്റക്കൽ തടയണയുടെ ഭംഗിയും ആസ്വദിക്കാം. ഇതാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.


അറ്റകുറ്റപ്പണി നടത്തണം

ലുക്ക് ഔട്ട് വ്യൂ ടവറിന്റെ കൈവരികളടക്കം തകർച്ചയിലായിട്ട് മാസങ്ങൾ പിന്നിടുന്നു. രണ്ട് നിലകളിലായുള്ള ടവറിന്റെ വശങ്ങളിലെ സുരക്ഷാ കൈവരികൾ കാലപ്പഴക്കത്താലാണ് നശിച്ചത്. കൈവരികളിലെ കോൺക്രീറ്റ് തൂണുകൾ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ തുരുമ്പിച്ച കമ്പികൾ മാത്രമേയുള്ളൂ. കമ്പികൾക്കിടയിലൂടെ കുട്ടികൾ താഴേക്ക് വീണാൽ വലിയ ദുരന്തമാണുണ്ടാവുക. സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഇവിടെയുള്ള ആൽമരത്തിന് ചുറ്റും കോൺക്രീറ്റ് ചെയ്താണ് ഇരിപ്പിടം നിർമ്മിച്ചിരിക്കുന്നത്. മരത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി ഇരിപ്പിടങ്ങളും നശിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ നടത്തി ലുക്ക് ഔട്ട് വ്യൂ ടവർ പ്രവർത്തന സജ്ജമാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.