കൊല്ലം: സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും കഷ്ടപ്പെടുകയാണെന്ന് കാട്ടി നാട്ടുകാർ നിവേദനം നൽകിയതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ എം.എൽ.എയും മേയറും നേരിട്ട് സ്ഥലത്തെത്തി. തൃക്കടവൂർ കോർപ്പറേഷൻ സോണൽ ഓഫീസിന് പിറകിലായി താമസിക്കുന്ന അൻപതോളം കുടുംബങ്ങളുടെ പരാതിയിലെ വിവരങ്ങൾ മനസിലാക്കുന്നതിനായാണ് എം. മുകേഷ് എം.എൽ.എയും മേയർ പ്രസന്ന ഏണസ്റ്റും സ്ഥലം സന്ദർശിച്ചത്.
സോണാൽ ഓഫീസിന് കിഴക്ക് ഭാഗത്തുകൂടിയുള്ള വഴിയിലൂടെ ഇരുചക്രവാഹനമൊഴികെ മറ്റൊന്നും കടന്നുപോകില്ല. കാലങ്ങളായുള്ള ഈ പ്രതിസന്ധിക്ക് പരിഹാരം കാണാതെ അധികൃതർ കാട്ടുന്ന അവഗണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ സ്ഥലവാസികൾ തീരുമാനിച്ചിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ചയ്ക്ക്
വിളിച്ചെങ്കിലും അവർ പിന്മാറുകയും ചെയ്തു.
തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് വഴി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എയും മേയറും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഉദയകുമാർ. സി.പി.എം ഏരിയാ സെക്രട്ടറി വി.കെ. അനിരുദ്ധൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.