krishi
ഉറുകുന്നിൽ കാട്ടാനയിറങ്ങി നശിപ്പിച്ച കാർഷികവിളകൾ

തെന്മല∙ കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും വനപാലകർ നിസംഗതയിലെന്ന് പരാതി. ദിനംപ്രതി വനവാസ മേഖലയിൽ പുലിയും കാട്ടാനയും മ്ലാവും പന്നിയും കുരങ്ങും വ്യാപക കൃഷി നാശമാണ് വരുത്തുന്നതെങ്കിലും വനം വകുപ്പ് അധികൃതർ മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ദിവസം തെന്മല ഉറുകുന്നിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. ഉറുകുന്ന് ഇന്ദിരാനഗറിൽ പ്രഭാകരന്റെ പുരയിടത്തിലെ കാർഷികവിളകളാണ് ആന നശിപ്പിച്ചത്. ബുധനാഴ്ച രാത്രി അച്ചൻകോവിൽ ക്ഷേത്രത്തിലെത്തിയ വയോധികനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. അക്രമത്തിൽ പരിക്കേറ്റ വയോധികന്റെ കാലിൽ ഏഴ് തുന്നലുകളാണ് വേണ്ടിവന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനപ്പട്ടകോങ്കൽ മേഖലയിൽ പുലിയുൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നതായും നാട്ടുകാർ പറയുന്നു.

പുലിയും കാട്ടാനയും

പ്രദേശത്തെ പല വീടുകളിലെയും വളർത്തുനായ്ക്കളെയും കന്നുകാലികളെയും കാണാതായിട്ടുണ്ട്. ഇവയെ പുലി പിടിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്. മാത്രമല്ല പുലിയെ നേരിൽകണ്ടതായും ചിലർ പറയുന്നു.

ജനവാസ മേഖലയിൽ പുലിയടക്കം എത്തിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട്ടം മേഖലയിൽ പുലിക്കൊപ്പം കാട്ടാന ശല്യവും വർദ്ധിക്കുന്നു. തെന്മല പഞ്ചായത്തിലെ നാഗമല, കുറവൻ താവളം, മാമ്പഴത്തറ എന്നിവടങ്ങളിൽ കാട്ടാനയും മ്ലാവും സ്ഥിരമായി നാശം വിതയ്ക്കുന്നുണ്ട്. ആനയെ ഭയന്ന് ടാപ്പിംഗിന് പോകാനും തൊഴിലാളികൾ ഭയക്കുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ, ആനച്ചാടി, ഫ്ലോറൻസ്, ചേനഗിരി എന്നിവടങ്ങളിലും കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ആനകൾ വനാതിർത്തി കടക്കാതിരിക്കാൻ ട്രഞ്ച് എടുക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.ചക്ക,മാങ്ങ,തേങ്ങ,മരച്ചീനി,കിഴങ്ങ് വർഗങ്ങൾ ഒന്നും തന്നെ ഈ മേഖലയിലെ കർഷകർക്ക് ലഭിക്കാറില്ല

കൃഷി ഉപേക്ഷിച്ച് കർഷകർ

വന്യ മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ ഈ മേഖലയിൽ കർഷകർ കൂട്ടത്തോടെ കൃഷി ഉപേക്ഷിക്കുകയാണ്.കർഷകരുടെ ഭൂമിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെയും പെറ്റ് പെരുകുന്ന പന്നി തുടങ്ങിയ മൃഗങ്ങളെ നിയന്ത്രിക്കുവാനും ഉള്ള സംവിധാനങ്ങൾ സർക്കാർ ചെയ്യണം.

വനാതിർത്തികളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ട്രഞ്ച് എടുക്കാനുള്ള നീക്കവും ഫലം കണ്ടില്ല. കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് തടയാനാണ് ട്രഞ്ച് എടുക്കുന്നത്. നിശ്ചിത അകലത്തിലും ആഴത്തിലുമുള്ള കുഴി എടുത്താൽ ആനകൾ കാട്ടിൽ നിന്നും നാട്ടിലേക്ക് എത്തുന്നത് തടയാം. തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാൽ മറ്റ് സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ വനംവകുപ്പിന് കാര്യം സാധിക്കാം. വനത്തിൽ ഒട്ടേറെ ജോലികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെയ്യുന്നുണ്ട്.