പുനലൂർ: ഏറ്റവുംകൂടുതൽ കൊവിഡ് വ്യാപനങ്ങൾ ഉണ്ടായ പുനലൂരിൽ ഇന്നലെ 100 പേർ കൊവിഡ് വാക്സിനേഷൻ എടുത്തു.പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ,നഴ്സുമാർ, ആശാപ്രവർത്തകർ അടക്കമുളള ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ എടുത്തത്.രണ്ടാം ഘട്ടത്തിൽ പൊലീസ്, ഫയർഫോഴ്സ് ഉൾപ്പടെയുളള സർക്കാർ ജീവനക്കാർക്കും പിന്നിട് 60 വയസ് കഴിഞ്ഞവർക്കുമാകും വാക്സിനേഷൻ നൽകുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ അറിയിച്ചു.മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാകും മുൻ ഗണന നൽകുക.163 പേർ ഇതിനകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. താലൂക്കിലെ എല്ലാ താമസക്കാർക്കും വാക്സിനേഷൻ എടുക്കും.വാക്സിനേഷൻ എടുക്കാൻ ആധുനിക സൗകര്യങ്ങളാണ് താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുളളതെന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ രാവിലെ മന്ത്രി കെ.രാജു വാക്സിനേഷൻ എടുക്കുന്ന താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങൾ നേരിൽ കണ്ട് വിലയിരുത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷയ്ക്കാണ് ആദ്യമായി വാക്സിനേഷൻ എടുത്തത്.വാക്സിനേഷൻ എടുക്കുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം ആശുപത്രി വളപ്പിൽ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം നിർവഹിച്ചു.ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ ,പാർലമെന്ററി പാർട്ടി ലീഡർ ഡി.ഡിനേശൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങിയവർ സംസാരിച്ചു.